ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലൂടെ ജേതാക്കളെ നിശ്ചയിച്ച മത്സരത്തിൽ ഇഞ്ചോടിഞ്ചു പൊരുതിയ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷകളെ തച്ചുടച്ചു ആതിഥേയരായ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. മല്‍സരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതോടെ, ചട്ടമനുസരിച്ച് സൂപ്പർ ഓവറിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായി. രണ്ട് ബൗണ്ടറികൾ ആണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ നേരിട്ടത് ജോസ് ബട്‌ലര്‍ – ബെന്‍ സ്റ്റോക്‌സ് സഖ്യമാണ്. ട്രെനന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിള്‍, ഒരു ഡബിള്‍, രണ്ട് സിംഗിള്‍ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാന്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മൂന്നാം പന്തില്‍ സിക്‌സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയര്‍ത്തി. അവസാന പന്തില്‍ വിജയത്തിലേക്ക് രണ്ടു റണ്‍സെന്ന നിലയില്‍, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായതോടെ സൂപ്പര്‍ ഓവറും ടൈയായി. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് ജേതാക്കളായി.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.cricketworldcup.com/video/1279151