ശബരിമല ക്ഷേത്രം പൂട്ടി പുലികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സ്ത്രീകളെ കയറ്റാത്ത ദൈവത്തെ നമുക്കും ആവശ്യമില്ലെന്നു വയ്ക്കണമെന്നും ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പാലക്കാട് ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു ശബരിമല വിഷയത്തില്‍ അനിത നായര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ആണുങ്ങളും പ്രവേശിക്കേണ്ട പെണ്ണുങ്ങളും പ്രവേശിക്കേണ്ട. അമ്പലം പൂട്ടിയിടുക.

പ്രാര്‍ത്ഥിക്കേണ്ടവര്‍ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കുക. ശബരിമല പുലികള്‍ക്ക് വിട്ടുകൊടുക്കുക; അനിത നായര്‍ പറഞ്ഞു. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ടെന്നും ഒരു പുരുഷന്‍ പോകുന്നിടത്തെല്ലാം സത്രീക്കും പോകാമെന്നും അതുകൊണ്ട് ഒന്നും വ്യത്യാസപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ എഴുത്തുകാരി പിന്നീട് ചോദിക്കുന്നത്, സ്ത്രീകള്‍ കടക്കണ്ട എന്നു പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ എന്നാണ്.

ശബരിമലയില്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ടിയുള്ള സമരങ്ങളാണെന്നും അല്ലാതെ സ്ത്രീശാക്തീകരണത്തിനോ, സ്ത്രീകളുടെ അവകാശത്തിനോ വിശ്വാസത്തിനോ വേണ്ടിയുള്ളതല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ എഴുത്തുകാര്‍ മൗനം പാലിക്കുന്നത് എഴുത്തുകാരെ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണോ എന്നും അനിത നായര്‍ സംശയം പ്രകടിപ്പിച്ചു.