ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: പ്രകൃതിയുടെ ഭാവഗായകനായ പിതാവിന്റെ സന്ദേശം പ്രചരിപ്പിച്ച് മകന്‍ ‘മഴമിത്ര ‘ ത്തില്‍ വൃക്ഷതൈ നട്ടു. കുട്ടനാട് നേച്ചര്‍ സൊസെറ്റിയുടെ സ്ഥാപകരില്‍ ഒരാളായ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ഹരിത സംഗമത്തില്‍ ഏക മകന്‍ ഏബല്‍ വൃക്ഷതൈ നട്ടപ്പോള്‍ ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചെങ്കിലും അത് വലിയ സന്ദേശത്തിന് ഒരു പുതിയ തുടക്കമായി.

കേരളത്തിലാകമാനം ഉള്ള പരിസ്ഥിതി സംഘടനകളെ ഏകോപിപ്പിച്ച് ഗ്രീന്‍ കമ്മ്യൂണിറ്റി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് കേരളത്തിലെ 44 നദികളുടെയും സംരക്ഷണത്തിന് ഹരിതസേന രൂപീകരിക്കുകയും മാതൃകാ പ്രകൃതിയിടം ഒരുക്കാന്‍ കേരളം മുഴുവന്‍ പ്രകൃതികൃഷി പ്രചാരകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ ഗ്രീന്‍ കമ്യൂണിറ്റിയുടെ സംസ്ഥാന കോര്‍ഡിനേറ്റും കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കൂടി ആയിരുന്നു. മേധാ പട്കറുടെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ എടത്വായിലും സമീപ പ്രദേശങ്ങളിലും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ എടത്വാ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും 1000 വൃക്ഷ തൈകള്‍ കഴിഞ്ഞ വര്‍ഷം നടുകയും ചെയ്തു.

രാസകീടനാശിനികള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്ന ആന്റപ്പന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാവനയായ പാണ്ടി കൊറ്റില്ല സംരക്ഷണ പദ്ധതി പുറംലോകത്തെ അറിയിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചതും ആന്റണി ജോര്‍ജെന്ന ആന്റപ്പന്‍ ആണ്.

കാലടിയില്‍ നടന്ന ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍ പെട്ട് 2013 ജൂണ്‍ 3ന് മരണമടഞ്ഞത്.

ആന്റപ്പന്റ സ്മരണ നിലനിര്‍ത്തുന്നതിന് ആരംഭിച്ച ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഹരിതസേന പ്രചാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ആന്റപ്പന്റ അമ്പിയായം മെമ്മോറിയല്‍ ‘എടത്വാ ജലോത്സവം’ ഇതിനോടകം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.

ആന്റപ്പന്‍ അമ്പിയായത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ‘മഴമിത്ര’ത്തില്‍ ചേര്‍ന്ന ഹരിതസംഗമത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.

കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടനാട് നേച്ചര്‍ ഫോറം പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍, കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്, പി.കെ ബാലകൃഷ്ണന്‍, ആന്റണി കണ്ണംകുളം, നിബിന്‍ കെ.തോമസ്, കുട്ടനാട് നേച്ചര്‍ ഫോറം സെക്രട്ടറി സജീവ് എന്‍.ജെ എന്നിവര്‍ പ്രസംഗിച്ചു.