ഓടിച്ചു പഠിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അമ്മയ്ക്കും രക്ഷപ്പെടുത്താൻ ചാടിയ മകനും പരുക്ക്. കൂവപ്പടി മാവേലിപ്പടി പാറപ്പുറം ജോസിന്റെ ഭാര്യ ലിസി (47), മകൻ അരുൺ (21) എന്നിവർക്കാണു പരുക്കേറ്റത്. അഗ്നിരക്ഷാനിലയം ജീവനക്കാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ ലിസി തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ 9.30നായിരുന്നു സംഭവം. ലിസി സ്കൂട്ടർ ഓടിക്കാൻ പഠിക്കാനായി സ്റ്റാർട്ടാക്കിയ ഉടൻ നിയന്ത്രണം വിട്ട് അതിവേഗത്തിൽ കിണറ്റിലേക്കു പതിക്കുകയായിരുന്നു. 30 അടി ആഴമുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.

കിണറിനു ചുറ്റും സിമന്റ് ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും സിമന്റിട്ട് ഉറപ്പിച്ചിരുന്നില്ല. സ്കൂട്ടര്‍ ഇടിച്ചയുടൻ സിമന്റ് ബ്ലോക്കുകൾ തകർന്നതാണു കിണറ്റിലേക്കു വീഴാൻ കാരണം. അമ്മയെ രക്ഷപ്പെടുത്താൻ പിന്നാലെ അരുണും ചാടുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും കരയ്ക്കു കയറ്റാൻ കഴിഞ്ഞില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ ഉണ്ണികൃഷ്ണൻ, ഹാഷിം എന്നിവരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഗഫൂർ, അനീഷ്, ഗോപകുമാർ രഞ്ജിത്, രമണൻ, കെ.വി. ജോണി, ആൽബർട്ട് പിൻഹിറോ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.