പ്രാധാന്യമേറെയുള്ള ക്രിമിനല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടനെ വിശ്വസിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഫൈറ്റിംഗ് ഡേറ്റാബേസിനോടുള്ള ബ്രിട്ടന്റെ അയഞ്ഞ സമീപനം യൂറോപ്യന്‍ ചട്ടങ്ങളോടുള്ള അവഹേളനമാണെന്ന് റിപ്പോര്‍ട്ടില്‍ മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു.

ഡേറ്റാബേസ് വിഷയത്തില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി 15 മില്യന്‍ പൗണ്ട് നല്‍കാമെന്നും ബ്രിട്ടന്‍ യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ചുമതലക്കാര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ‘അയഞ്ഞ സമീപനം’ തെളിയിക്കാനായി ആര്‍ട്ടിക്കിള്‍ 50 വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും മറ്റ് അംഗരാജ്യങ്ങളുടെ അപേക്ഷകളില്‍ പ്രതികരിക്കുന്നതിലും ബ്രിട്ടന്‍ കടുത്ത വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം.

ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 3യുടെ ഭാഗമായി നല്‍കിയ വിവരങ്ങളും പാകപ്പിഴകളുണ്ടായിട്ടുണ്ട്. നിലവാരമില്ലാത്ത ഐടി സിസ്റ്റമാണ് വളരെ പ്രാധാന്യമുള്ള ഈ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ഉപയോഗിച്ചത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. യുകെയ്ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ബ്രസല്‍സ് മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നു.