കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും.

ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.