ബ്രെക്‌സിറ്റ് ബില്‍ കോമണ്‍സില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലില്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ വരെയെങ്കിലും ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലിലാണ് ബ്രസല്‍സ്. മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടന്‍ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിച്ചേക്കുമെന്ന് ബ്രസല്‍സ് കരുതുന്നു. സമയം നീട്ടി നല്‍കാന്‍ ബ്രിട്ടന്‍ സമീപിച്ചേക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം കരുതുന്നുണ്ട്. യുകെ ഈ ആവശ്യമുന്നയിച്ചാല്‍ ഉടന്‍തന്നെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ഒരു പ്രത്യേക ലീഡേഴ്‌സ് സമ്മിറ്റ് വിളിക്കും.

സമയ പരിധി ദീര്‍ഘിപ്പിക്കുന്നതിന് തെരേസ മേയ് മുന്നോട്ടുവെക്കുന്ന കാരണം പരിഗണിച്ചായിരിക്കും ആര്‍ട്ടിക്കിള്‍ 50 എത്രമാത്രം ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന് തീരുമാനിക്കുക. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉടമ്പടി പുനരവലോകനം ചെയ്ത് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാനുള്ള സമയമാണ് ജൂലൈ വരെ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. ഇത് ആദ്യപടിയാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ തെരേസ മേയ് അധികാരത്തില്‍ തുടരുകയും ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ ജൂലൈ വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാങ്കേതികമായി സാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഒഫീഷ്യല്‍ അറിയിച്ചു.

ഇതില്‍ കൂടുതല്‍ സമയം അനുവദിക്കണമെങ്കില്‍ ഒരു പൊതുതെരഞ്ഞെടുപ്പോ ഹിതപരിശോധനയോ ഉണ്ടാകണം. എങ്കിലും മെയ് മാസത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചില സങ്കീര്‍ണ്ണതകള്‍ ഇക്കാര്യത്തില്‍ സൃഷ്ടിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് ജൂലൈയിലായിരിക്കും ആദ്യമായി സമ്മേളിക്കുക. ആ സമയത്ത് യുകെ എഇപിമാര്‍ ഉണ്ടാകണമെങ്കില്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരിക്കണമെന്നും ചില യൂറോപ്യന്‍ ഡിപ്ലോമാറ്റുകള്‍ പറയുന്നു.