നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നോ-ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിശദീകരണം സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും. റോമിംഗ് നിരക്കുകള്‍ സംബന്ധിച്ച വിവരം ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ പേപ്പറിന് ഇനിയും അന്തിമ രൂപമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോമിംഗ് നിരക്കുകള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം പേപ്പറില്‍ അടിവരയിടുന്നുണ്ടന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എടുത്തു കളയുന്നതിനു മുമ്പായി പ്രതിവര്‍ഷം ശരാശരി 350 പൗണ്ടെങ്കിലും റോമിംഗ് ഇനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചെലവാകുമായിരുന്നു.

വോഡഫോണ്‍, ഓ2, ത്രീ എന്നീ മൂന്ന് കമ്പനികള്‍ റോമിംഗ് നിരക്കുകള്‍ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ക്യാബിനറ്റിന്റെ പ്രത്യേക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മൊബൈല്‍ റോമിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.