ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന്‍ ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോളിന്‍ ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.

യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇക്കാര്യം കണ്ണു തുറന്ന് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോവര്‍ തുറമുഖം തകരുമെന്നാണ് എല്ലാവവരും പറയുന്നത്. എന്നാല്‍ അതേ അവസ്ഥ ഫ്രാന്‍സിലെ കാലേയിലും സംജാതമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലെ ഗതാഗതത്തിന്റെ ഏറിയ പങ്കും ഇതു വഴിയാണ് നടക്കുന്നത്. ഡച്ച്, ജര്‍മന്‍ പോര്‍ട്ടുകളിലും സമാനമായ അവസ്ഥയുണ്ടാകും. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും യുകെ ശേഖരിക്കേണ്ടി വരും എന്ന ആശങ്കകള്‍ അവര്‍ തള്ളി. എന്നാല്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ യുകെയിലെ വ്യവസായങ്ങള്‍ സജ്ജമായിരിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കണമെന്ന് അവര്‍ പറഞ്ഞു.

ചെറുകിട, മീഡിയം വ്യവസായങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴും സജ്ജമല്ല. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒ രു ദുരന്തമാണ് സംഭവിക്കുകയെങ്കില്‍ അത് ഏകപക്ഷീയമായിരിക്കില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ വിമര്‍ശിക്കുന്ന ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികളെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും ഉണ്ടാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സിബിഐ ചീഫിന്റെ ഈ മുന്നറിയിപ്പ്.