ലണ്ടന്‍: നോര്‍ത്ത്, സൗത്ത് അയര്‍ലന്‍ഡുകള്‍ ഒരുമിച്ചാല്‍ അംഗത്വം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. അയര്‍ലന്‍ഡുകള്‍ യോജിച്ചാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്വാഭാവികമായും യൂണിയന്റെ ഭാഗമായി തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ഈ നിര്‍ദേശം ഉയര്‍ന്നു വന്നത്. ഇത് പ്രാവര്‍ത്തികമായാണ് ഐറിഷ് സര്‍ക്കാരിന്റെ വിജയമായി കണക്കാക്കപ്പെടും. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനു ശേഷം മുന്‍ കിഴക്കന്‍ ജര്‍മന്‍ സ്‌റ്റേറ്റുകളെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാക്കിയ ജിഡിആര്‍ ക്ലോസ് ഉപയോഗിക്കണമെന്ന് അയര്‍ലന്‍ഡ് ആവശ്യപ്പെട്ട് വരികയാണ്.

എന്നാല്‍ അയര്‍ലന്‍ഡ് സംയോജനം സാധ്യമാകണമെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണം. യുകെയില്‍ തുടരാനാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അതുകൊണ്ടുന്നെ അയര്‍ലന്‍ഡ് സംയോജനം നടപ്പാകുന്നത് അത്ര എളുപ്പമാവില്ല. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിനെ വിഘടിപ്പിക്കാനുള്ള ശ്രമമായി ഇത് വ്യാഖ്യാനിക്കപ്പെടാനും ഇടയുണ്ട്.

ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് എന്താണെന്ന് യുകെയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വീണ്ടും അയര്‍ലന്‍ഡ് സംയോജനത്തേക്കുറിച്ചുള്ള ചര്‍ത്തകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 62 ശതമാനം ജനങ്ങളും യുകെയില്‍ തുടരുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നത്.