ഇന്ത്യയും പാകിസ്ഥാനും 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വിഭജനത്തിന്റെ കൈപ്പുനീര് കുടിച്ച ഒരു വലിയ സമൂഹം തങ്ങള്‍ നേരിട്ട ദുരവസ്ഥയേക്കുറിച്ചുകൂടി ചിന്തിക്കുന്നു. വിഭജനത്തിനു ശേഷം പ്രവാസികളാക്കപ്പെടുകയും ബ്രിട്ടനില്‍ എത്തി അവിടെ ജീവിച്ചു തുടങ്ങുകയും ചെയ്ത ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗാര്‍ഡിയന്‍ ദിനപ്പത്രത്തില്‍ പങ്കുവെച്ചു. വിഭജന കാലത്ത് ലക്ഷങ്ങള്‍ക്കാണ് അതിന്റെ ദുരിതം പേറേണ്ടി വന്നത്. ലക്ഷക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും നൂറ്കണക്കിന് മൈലുകള്‍ യാത്ര ചെയ്യേണ്ടതായി വന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സഹോദരങ്ങളെപ്പോലെ കഴിഞ്ഞ സമുദായങ്ങള്‍ വര്‍ഗീയ കലാപങ്ങളില്‍ പരസ്പരം വാളെടുത്തു. പത്ത് ലക്ഷത്തിലേറെ ആളുകളാണ് വിഭജനകാലത്തെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 10 മുതല്‍ 12 ദശലക്ഷം ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടി വന്നു. ഇപ്രകാരം അതിരുകള്‍ക്കപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടവരില്‍ ചിലരും അവരുടെ അടുത്ത തലമുറയുമാണ് അനുഭവങ്ങള്‍ പങ്കു വെക്കുന്നത്.

വിഭജനത്തിന്റെ ഏറ്റവും നടുക്കുന്ന ഓര്‍മ്മ തന്റെ കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷിയേകേണ്ടി വന്നതാണെന്ന് നാസിം ഫാത്തിമ സുബൈറിഎന്ന് 82 കാരിയായ റിട്ടയേര്‍ഡ് ഫോസ്റ്റര്‍ കെയറര്‍ പറയുന്നു. ഒരു താക്കോല്‍ ദ്വാരത്തിലൂടെയാണ് ഈ കാഴ്ച താന്‍ കണ്ടത്. തന്റെ പിതാവ് പ്രാര്‍ത്ഥിക്കുന്നതും രണ്ടുവയസുകാരനായ സഹോദരന്‍ കരയുന്നതും താന്‍ കണ്ടു. പിതാവ്, മാതാവ്, മുത്തശ്ശി, നാല് സഹോദരന്‍മാര്‍, സഹോദരിമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തന്റെ തലയില്‍ ആരോ അടിച്ചതിന്റെ പാട് ഇപ്പോഴുമുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ മാത്രമാണ് ആ കുടുംബത്തില്‍ രക്ഷപ്പെട്ടത്.

നമുക്ക് വേരുകള്‍ ഇല്ലെന്നാണ് റിട്ടയേര്‍ഡ് ജിപിയായ 60കാരന്‍ വിജയ് പറയുന്നത്. ഹിന്ദുക്കളായിരുന്നു തന്റെ കുടുംബം. വിഭജനകാലത്ത് തന്റെ പിതാവിന് 25 വയസായിരുന്നു പ്രായം. അമ്മ കൗമാരക്കാരിയും. അവര്‍ക്ക് അവരുടെ ബാല്യകാലത്തേക്കുറിച്ച് പറയാന്‍ ഒന്നുമില്ലെന്ന് വിജയ് പറയുന്നു. 1947 മുമ്പുള്ള കാലത്തേക്കുറിച്ച് അവര്‍ക്ക് അറിയില്ല. സ്വാതന്ത്ര്യത്തിനു വിഭജനത്തിനും മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ ജീവിച്ചു തുടങ്ങിയചതെന്ന് വിജയ് വ്യക്തമാക്കി. വിഭജനത്തിനു ശേഷമാണ് യുകെയിലേക്ക് ആദ്യത്തെ കുടിയേറ്റം ആരംഭിച്ചതെന്നും ചരിത്രം.

ട്രെയിനിനുള്ളില്‍ വെടിവെപ്പ് ആരംഭിച്ചപ്പോള്‍ അച്ഛന്‍ തങ്ങളെ ബെഡ്‌റോളിനുള്ളില്‍ ഒളിപ്പിച്ച കഥയാണ് പട്രീ്ഷ്യ എന്ന 75കാരിയായ റിട്ടയേര്‍ഡ് നഴ്‌സിന് പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ക്കു നേരെയും അതിക്രമങ്ങളുണ്ടായി. പാകിസ്ഥാനിലേക്കുള്ള ട്രെയിനിലായിരുന്നു തങ്ങള്‍. യാത്രക്കിടെ എവിടെയോ ട്രെയിന്‍ നിന്നും. പിന്നെ ട്രെയിനിലുള്ളവര്‍ക്കു നേരെ വെടിയുണ്ടകള്‍ പതിക്കുകയായിരുന്നു. ട്രെയിനിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്ത നിരവധി പേര്‍ മരിച്ചതായി ഇവര്‍ ഓര്‍ക്കുന്നു. നിരവധി പേര്‍ക്ക് സ്വാതന്ത്ര്യദിനം ഇത്തരം ഓര്‍മകളുടേതു കൂടിയാണ്.