ലണ്ടൻ:  പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇതിനായി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കന്‍ ഹാക്കര്‍ സയ്യദ് ഷുജ അവകാശപ്പെട്ടു.

പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തു. മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിരുന്നു . വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോണ്‍ഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഹാക്കറുടെ അവകാശവാദം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

അതെ സമയം ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടയെ സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്തി എന്നും ഇയാൾ വെളിപ്പെടുത്തുന്നു. വോട്ടിങ് യന്ത്രത്തിലെ കൃത്രിമം സംബന്ധിച്ചു മുണ്ടേക്ക് അറിവുള്ളതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സയ്യദ് ഷുജ ഇന്ത്യക്കാരനായിരുന്നു എന്നും ജീവനിൽ ഭീഷണിയുള്ളതിനാൽ അഭയാർത്ഥിയായി അമേരിക്കയിൽ പോയതെന്നും സയ്യദ് ഷുജ ചോദ്യത്തിന് മറുപടിയായി പറഞ്ഞു എന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.