കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ച്‌ രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1946ലാണ് രാഷ്ട്രീയത്തിൽ എത്തിയ കമലം, കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു എം കമലം. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ഇവർ.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം കമലം.

എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതു രംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ഭര്‍ത്താവ് പരേതനായ മാമ്ബറ്റ സാമിക്കുട്ടി. എം. യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.