മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 2016 സെപ്തംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഏപ്രില്‍ ഒന്നിനാണ് ശിക്ഷ വിധിക്കുക.

മകളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പോലീസുകാരനോടൊപ്പം യുവതി പോകുകയായിരുന്നു. ജോലിക്കിടയില്‍ പോലീസ് പട്രോളിനുള്ള ഔദ്യോഗിക കാറില്‍ മൂന്ന് വയസുകാരിയായ മകള്‍ ചെയന്നെയെ പൂട്ടിയിട്ടാണ് കാസി പോയത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിനുശേഷം മകള്‍ കാറിനുള്ളിലുള്ളതു ഓര്‍ക്കാതെ കാസിയും പോലീസുകാരനും ഉറങ്ങി. ഇതേസമയം കാറിനുള്ളിലെ കനത്ത ചൂടില്‍ നാല് മണിക്കൂര്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കാസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്‌നറെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കാസിയുടെ ഭര്‍ത്താവായ റയാന്‍ഹയര്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇവര്‍ പ്രതിയാണെന്ന് തെളിയിക്കുന്നതായിരുന്നു.