കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.

സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.

പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.