സമയം രാവിലെ ഏഴു മണി കഴിഞ്ഞതേയുള്ളൂ. മാക്‌ഫാസ്റ്റ് കോളേജിൽ നിന്ന് അതിരാവിലെ യാത്ര പുറപ്പെട്ട 20 വിദ്യാർഥികളും നാല് അധ്യാപകരും അടങ്ങുന്ന ഞങ്ങളുടെ സംഘം കോന്നി ഫോറസ്റ്റ് ഡിവിഷൻ ഭാഗമായ ഞള്ളൂരിൽ എത്തിച്ചേർന്നിരിക്കുകയാണ്. അവിടെ ഞങ്ങളെയും കാത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ജി .ശ്രീജിത്തും വാച്ചർ മാരായ രഘുവും മണിയനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഇവരുടെ നേതൃത്വത്തിലാണ്.

ഫോറസ്റ്റ് ഓഫീസർ ജി .ശ്രീജിത്തും സംഘാങ്ങളും

ഞങ്ങൾ കാട്ടുവഴികളിലൂടെ കാടിനെ അനുഭവിച്ചും ശ്വസിച്ചും കിളികളുടെ കളകൂജനം കാതോർത്ത് നടന്നു. വേഴാമ്പൽ ഉൾപ്പെടെയുള്ള അപൂർവ്വ ഇനം കിളികളെ കണ്ടതിലുള്ള ആവേശത്തിൽ ഞങ്ങളുടെ സ്വരം കാടിന്റെ നിശബ്ദതയെ ഇടയ്ക്കിടെ ഭജ്ഞിക്കുമ്പോൾ രഘു ഞങ്ങളെ വിലക്കുന്നുണ്ടായിരുന്നു. “കാടിനുള്ളിലേക്ക് നമ്മൾ യാത്ര ചെയ്യുന്നത് ഒരു തീർത്ഥാടനം പോലെ ആകണം. നമ്മുടെ പ്രവർത്തികളൊ സ്വരമോ ഇവിടുത്തെ സ്ഥിരതാമസകാർക്ക് ഒരു രീതിയിലും അലോസരം ഉണ്ടാകാൻ പാടില്ല “ശ്രീജിത്ത് പറഞ്ഞു.

കുന്തിരിക്കമരത്തിന് ചുറ്റും

യാത്രയുടെ ഇടയ്ക്ക് ഞങ്ങളുടെ പാത കടന്നുപോകുന്നത് ചെങ്ങറ സമര ഭൂമിയുടെ സമീപത്തുകൂടി ആയിരുന്നു. ചെങ്ങറ സമരഭൂമിയിലെ ചെറിയ ചെറിയ കൂരകളിൽ നിന്ന് ഞങ്ങളെ വീക്ഷിക്കുന്ന സമരക്കാർ. അവിടെ കാടിന്റെ അതിർവരമ്പുകൾ നിർണയിക്കുന്ന ജിൻഡ വാച്ചർ മണിയൻ ഞങ്ങളെ പരിചയപ്പെടുത്തി.

വാച്ചർ രഘുവിന്റെ കാട്ടറിവുകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ദന്തപാല എന്ന ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധി ആയി ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ചെടിയെക്കുറിച്ച്, എങ്ങനെ അത് ഉപയോഗിച്ച് മരുന്നുകൾ ഉണ്ടാക്കാം എന്നത് ഉൾപ്പെടെ ഒരു നീണ്ട വിവരണം തന്നെ അയാൾ നൽകി. ചെറിയ പ്രാണികളുടെ ഒരു കൂട്ടത്തെ കണ്ടപ്പോൾ അയാൾ പറഞ്ഞു. “ഇതാണ് പൂത അടുത്ത് എവിടെയോ കാട്ടുപന്നി ഉണ്ട്”.

കാട്ടറിവുകളുടെ സർവകലാശാല : വാച്ചർ രഘുവിനൊപ്പം

വർഷങ്ങൾകൊണ്ട് ആർജ്ജിച്ച കാടിന്റെ തിരിച്ചറിവുകൾ. കുട്ടികളുടെ സ്വരം ഇടയ്ക്കൊക്കെ ഉയരുമ്പോൾ രഘു അസ്വസ്ഥനാകുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്കൊക്കെ ചെവികൂർപ്പിച്ചു കാതോർത്ത് നിന്ന് രഘു പറഞ്ഞു “നമ്മുടെ സ്വരം കേട്ടാൽ ചെവിയടി നിൽക്കും ” ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ ആണ് രഘു ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രഘുവിന്റെ കാട്ടറിവാണ് ചെവിഅടിക്ക് വേണ്ടി കാതോർക്കുക എന്നത്. മനുഷ്യന്റെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളോടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവി അടി നിർത്തി നിശബ്ദമാകുമ്പോൾ അവരുടെ സാമീപ്യം നമുക്ക് തിരിച്ചറിയാൻ കഴിയില്ല എന്നതാണ് രഘുവിനെ തിയറി. കിലോമീറ്ററുകളോളം ഉൾവനത്തിൽ ആണ് ഞങ്ങൾ. വഴിയിലുടനീളം ആനപ്പിണ്ടത്തിൽ സാന്നിധ്യം. ഉടനെ തന്നെ ഞങ്ങളുടെ പാതയിൽ ഒരു കരിവീരൻ വരുമോ എന്ന ഉൾഭയം എല്ലാവരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള രഘുവിൻെറ ഉത്കണ്ഠ അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു .

കാട്ടുപൂവിന്റെ മനോഹാരിത

പടുകൂറ്റൻ മരങ്ങൾ ,നൂറ്റാണ്ടുകൾ പഴക്കമുള്ളത് . കാലഘട്ടം ഏതായിരിക്കും ? ഒരുപക്ഷെ മാർത്താണ്ഡ വർമയേക്കാൾ പ്രായം ഉള്ള വൃക്ഷങ്ങൾ (1758 AD ) . ശ്രീജിത്ത് പറഞ്ഞപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ഒരു യാത്ര പോലെ , പടുകൂറ്റൻ മരങ്ങളെ സ്പർശിക്കുപ്പോൾ ഏതോ ഒരു ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ ആകും പോലെ . കൂട്ടത്തിൽ ഒരു കുന്തിരിക്ക വൃക്ഷത്തിനുചുറ്റും ഞങ്ങൾ ഒട്ടേറെനേരം ചിലവഴിച്ചു . എങ്ങനെ ആണ് കുന്തിരിക്കം , ഇഞ്ച തുടങ്ങിയ വന വിഭവങ്ങൾ ശേഖരിക്കുന്നത് എന്ന് മണിയൻ ഞങ്ങൾക്ക് പറഞ്ഞുതന്നു.

 

കല്ലാറിൽ അല്പം വിശ്രമം

അഞ്ചു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഞങ്ങളുടെ യാത്ര കല്ലാറിലെ കരയിലൂടെ ആയി. പിന്നെ ആറ്റിലിറങ്ങി ശരീരവും മനസ്സും തണുപ്പിച്ച് ഒരു ചെറു വിശ്രമം . വംശനാശഭീഷണി നേരിടുന്ന അപൂർവയിനം മത്സ്യങ്ങളുടെ കലവറയാണ് കല്ലാർ എന്ന് ശ്രീജിത്ത് പറഞ്ഞു. കെഎസ്ഇബി യിലും വാട്ടർ അതോറിറ്റിയിലും ജോലി ഉപേക്ഷിച്ച് കാടിനോടുള്ള സ്നേഹം മൂലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലിക്കു ചേർന്ന ശ്രീജിത്തിനോട് അതിയായ ബഹുമാനം തോന്നി. കഴിഞ്ഞ പ്രളയത്തിൻെറ അവശേഷിപ്പായി രണ്ടാൾ പൊക്കത്തിൽ ആറ്റുതീരത്തെ മരക്കൊമ്പുകളിൽ പ്ലാസ്റ്റിക് മാലിന്യം നൊമ്പര കാഴ്ചയായി. ഒരു കിലോമീറ്ററോളം ഞങ്ങളുടെ യാത്ര ആറ്റിലൂടെ ആയിരുന്നു. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കല്ലാറിൽ നിറയെ കല്ലുകൾ ആണ്. ആറ്റിലൂടെ ഉള്ള നടത്തം വേഗത കുറച്ചപ്പോൾ പിന്നെ എല്ലാവരും നടത്തം കാട്ടുപാതയിലൂടെ ആക്കി. പിന്നീടുള്ള സമയം ശരീരത്തിൽ നിന്ന് രക്തം കുടിക്കുന്ന അട്ടയായിരുന്നു താരം. മിക്കവരുടെയും കാലുകളിൽ രക്തം കുടിച്ചു വീർത്ത അട്ടകൾ. കയ്യിൽ കരുതിയിരുന്ന ഉപ്പ് പ്രയോജനപ്പെട്ടു .

ഉച്ചയോടടുത്ത സമയം അടവിയിൽ എത്തിച്ചേരുമ്പോൾ ഞള്ളൂരിൽ തുടങ്ങി ഉടുമ്പന്നൂര് കല്ലാറ് മുണ്ടുകമുഴി വഴി ഏകദേശം 8 കിലോമീറ്റർ ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര അവസാനിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ക്ഷീണത്തെകാൾ ഉപരി കാടിൻെറ നിശബ്ദതയിലും സൗന്ദര്യത്തിലും ആവാഹിച്ച ഊർജ്ജവും സന്തോഷവും നിറഞ്ഞുനിന്നിരുന്നു.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.