അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ ഇമോതെപ്പിന്റെ കഥയ്ക്കു സമാനമായ കാര്യങ്ങളാണ് 1886ല്‍ ഈജിപ്തില്‍ കണ്ടെത്തിയ മമ്മിയില്‍ നിന്ന് പര്യവേഷകര്‍ക്ക് ലഭിച്ചത്.

വായ തുറന്ന നിലയിലായിരുന്നു മമ്മി കല്ലറയില്‍ നിന്നെടുത്തത്. വൃത്തിഹീനമായ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷന്‍’. സാധാരണ ഗതിയില്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാല്‍ ഈ മമ്മിയുടെ കൈകള്‍ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആട്ടിന്‍ തോലിലും. ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്ന ‘നാട്രോണ്‍’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ഈ ഉപ്പിന്റെ അംശം മമ്മിയുടെ വായില്‍ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഈ മമ്മിയുടെയും കല്ലറ.

വിഷം കൊടുത്തു കൊന്നതാകാമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്. പക്ഷേ ഈ മമ്മിയെ തൂക്കിക്കൊന്നതാണ് എന്നാണ് പിന്നീട് കണ്ടെത്തിയത്. കഴുത്തിനു ചുറ്റിലും കയര്‍ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്. മോശപ്പെട്ട രീതിയില്‍ ‘മമ്മിഫിക്കേഷന്‍’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെര്‍ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തല്‍. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ രാജകുമാരന്‍ ശ്രമിച്ചതിന്റെ ശിക്ഷയാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

ഇരുവരുടെയും എല്ലുകളില്‍ നിന്നെടുത്ത ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. അതിക്രൂരമായ നിലയിലായിരുന്നു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാല്‍വിരലുകള്‍ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്‌കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. ഒരു കൂട്ടം ആക്രമികള്‍ കൊലയ്ക്കു പിന്നിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നത് കൃത്യമായി ഇതുവരെ അറിയില്ലായിരുന്നു.