ലണ്ടന്‍: വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വന്‍ നിക്ഷേപത്തട്ടിപ്പ്. ഹാലിഫാക്‌സ്, വാന്‍ഗാര്‍ഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പെന്‍ഷന്‍ തുകയില്‍ നിന്ന് നിക്ഷേപങ്ങള്‍ നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ നിന്നായി ദിവസവും 5 ലക്ഷം പൗണ്ട് വരെയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പെന്‍ഷനര്‍മാരാണ ഇവരുടെ തട്ടിപ്പിന് പ്രധാനമായും വിധേയരാകുന്നതെന്ന് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും എഫ്‌സിഎ വ്യക്തമാക്കുന്നു.

തട്ടിപ്പിനിരയായ ചിലര്‍ക്ക് പതിനായിരക്കണക്കിന് പൗണ്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് എഫ്‌സിഎ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തട്ടിപ്പുകാര്‍ 200 മില്യന്‍ പൗണ്ട് ഈ വിധത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ദി ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി തയ്യാറാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടര ലക്ഷത്തോളം പൗണ്ട് നഷ്ടമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 157 തട്ടിപ്പു ശ്രമങ്ങളാണ് എഫ്‌സിഎയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. 2015ല്‍ രേഖപ്പെടുത്തിയ 90 എണ്ണത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്.

പ്രോപ്പര്‍ട്ടി ഷെയര്‍ പോലെയുള്ളവ പ്രമോട്ട് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. 2015ല്‍ അവതരിപ്പിച്ച പെന്‍ഷന്‍ ഫ്രീഡം പദ്ധതിയനുസരിച്ച് വന്‍തുക ഒരുമിച്ച് പിന്‍വലിക്കുന്നവരെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. ഒറിജിനല്‍ കമ്പനികളുടെ വിലാസവും രജിസ്‌ട്രേഷന്‍ നമ്പറുകളുമൊക്കെയായിരിക്കും ഇവര്‍ക്ക് നല്‍കുക. പിന്നീട് സ്വന്തം ഫോണ്‍ നമ്പറുകലും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളും ഇരകള്‍ക്ക് നല്‍കുന്നു. വെബ്‌സൈറ്റുകളില്‍ നിന്ന് ഒറിജിനല്‍ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കും. തട്ടിപ്പുകാര്‍ എഫ്‌സിഎയുടെ വ്യാജ വെബ്‌സൈറ്റ് പോലും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം.

തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ കോള്‍ഡ് കോളുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനായുള്ള നിയമനിര്‍മ്മാണം ഏതു വിധത്തില്‍ ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.