കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് ഇത്. പ്രത്യേകം അപേക്ഷിക്കുന്നവർക്ക് മാത്രമാണ് എസ്.ബി.ഐ മോറട്ടോറിയം നൽകുന്നതെങ്കിൽ മറ്റു ചില ബാങ്കുകൾ എല്ലാവർക്കും മോറട്ടോറിയം നൽകും.

മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്.ബി. ഐയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 6 ലക്ഷത്തിൻ്റെ വാഹനവായ്പക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപയാണ് അധികമായി പലിശയിനത്തിൽ നൽകേണ്ടി വരിക. 30 ലക്ഷത്തിൻ്റെ ഭവന വായ്പക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്ക്കേണ്ടി വരും.

മോറട്ടോറിയം കാലത്തെ പലിശ ഭാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്. മോറട്ടോറിയം വേണമെന്ന അപേക്ഷ നൽകുന്നവർക്ക് അനുവദിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവരുടെ ഇ എം ഐ മുൻ മാസങ്ങളിലേതുപോലെ തന്നെ ഈടാക്കും. സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറ ബാങ്കിൽ മോറട്ടോറിയം ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം.

മോറട്ടോറിയത്തിൻ്റെ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടത് എന്ത് എന്നറിയാൻ ഇടപാടുകാർ സ്വന്തം ശാഖയുമായി ബന്ധപ്പെടണം. പുതു തലമുറ സ്വകാര്യ ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും അടക്കം മോറട്ടോറിയം തീരുമാനം ബാധകമാണ്. നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കേണ്ട എല്ലാ വിധം വായ്പകൾക്കും മോറട്ടോറിയം ഉണ്ട്. എന്നാൽ പലിശ ഭാരവും, തിരിച്ചടവ് നീളുന്നതും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം വേണ്ട എന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.