ന്യൂഡല്‍ഹി: തന്ത്രപരമായി പ്രാധാന്യമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. അരുണാചലിലെ ടൂറ്റിംഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ യുദ്ധേതര വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ ഇറക്കിക്കൊണ്ടാണ് ഈ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വ്യോമസേനാ കേന്ദ്രമാണ് ടൂറ്റിംഗ്. വന്‍മലകള്‍ക്കും ഇടുങ്ങിയ താഴ്‌വരകള്‍ക്കുമിടയിലുള്ള ഈ വ്യോമത്താവളം വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഏറ്റവും വിഷമം പിടിച്ച പ്രദേശങ്ങളിലൊന്നാണ്. ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്ന് ശ്രദ്ധേയമാണ്.

ലാന്‍ഡിംഗിനെ ചരിത്രപരം എന്നാണ് വ്യോമസേന ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. തന്ത്രപ്രാധാന്യമുള്ള മേഖലയില്‍ ഈ വിധത്തിലുള്ള പ്രകടനത്തെ തന്ത്രപരമായ കുതിച്ചുചാട്ടമാണെന്നും എയര്‍ഫോഴ്‌സ് വിശേഷിപ്പിക്കുന്നു. പരീക്ഷണ ലാന്‍ഡിംഗിനു ശേഷം 18 ടണ്‍ വസ്തുക്കളും സി17 വിമാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ വ്യോമത്താവളത്തില്‍ എത്തിച്ചു. അരുണാചലിലെ വെസ്റ്റ് സിയാങ് ജില്ലയിലെ മെചുകയിലുള്ള അഡ്വാന്‍ഡ്‌സ് ലാന്‍ഡിംഗ് ഗ്രൗണ്ട്‌സില്‍ 2016 നവംബറില്‍ സി17 വിമാനം ലാന്‍ഡ് ചെയ്തിരുന്നു.

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മെചുക വ്യോമത്താവളം. 2013 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്ന മെചുക, ആലോ, സിറോ, ടൂറ്റിംഗ്, പാസിഘട്ട്, തേസു തുടങ്ങിയ വ്യോമത്താവളങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1962ലെ ചൈനാ യുദ്ധത്തില്‍ മെചുക വ്യോമത്താവളം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ ദിബ്രുഗഡില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ മാത്രമേ മെചുകയില്‍ എത്താന്‍ സാധിക്കൂ.