മലപ്പുറം കോട്ടക്കുന്നില്‍ മഴവീട് ടൂറിസം പാർക്കിൽ എത്തിയതായി പൊലീസിന് വിവരം; ദൃക്സാക്ഷി മൊഴി പോലീസ് രേഖപ്പെടുത്തി, ജസ്നയുടേതുന്ന കരുതുന്ന ചിത്രവും പുറത്തു വിട്ടു…..

മലപ്പുറം കോട്ടക്കുന്നില്‍  മഴവീട് ടൂറിസം പാർക്കിൽ എത്തിയതായി പൊലീസിന് വിവരം; ദൃക്സാക്ഷി മൊഴി പോലീസ് രേഖപ്പെടുത്തി, ജസ്നയുടേതുന്ന കരുതുന്ന ചിത്രവും പുറത്തു വിട്ടു…..
June 22 07:47 2018 Print This Article

മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജെസ്നയെ ആണോ എന്ന് സംശയിക്കുന്നതായി ദൃക്സാക്ഷി. കൂട്ടുകാരിക്കൊപ്പം മഴവീടിനു താഴെ മണിക്കൂറുകളോളം ചെലവഴിച്ചു.

വലിയ ബാഗുമായെത്തിയ യുവതി അണിഞ്ഞിരുന്നത് മുഷിഞ്ഞ വേഷമായിരുന്നു. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും ജാസ്ഫര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജസ്നയുടേതുന്ന കരുതുന്ന ചിത്രവും പുറത്തു വിട്ടു. പിന്തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ചിത്രം.

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്ന കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. മേയ് മൂന്നിന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് പൊലീസിനു ലഭിച്ച സൂചനകൾ. ദീർഘദൂരയാത്ര‌യ്ക്കു ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയതായി ജീവനക്കാർ പൊലീസിനു മൊഴി നൽകി.

പാർക്കിലുണ്ടായിരുന്ന മൂന്നുപേരുമായി ജെസ്നയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും ദീർഘനേരം സംസാരിക്കുന്നതായി പാർക്കിലെ ചിലർ കണ്ടിരുന്നു.മേയ് ആദ്യത്തിൽ ജെസ്നയെ കാണാതായെന്ന വാർത്തകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു.

കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. പാർക്കിൽ നിന്നുളള സിസി ടിവി ദൃശ്യങ്ങളും നഗരത്തിൽ നിന്നുളള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാകും പൊലീസ് ഈ കാര്യത്തിൽ തീരുമാനത്തിൽ എത്തുക.

മംഗലാപുരം– ബെംഗളൂരു ഭാഗത്തുനിന്ന് വയനാട് വരെ ജെസ്ന സഞ്ചരിച്ചിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അവിടെനിന്നു തെക്കോട്ടുള്ള യാത്ര സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിരുന്നില്ല. ചാത്തൻതറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയിൽനിന്നു ലഭിച്ച അഞ്ച് കുറിപ്പുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൂടാതെ ജെസ്ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജെസ്ന മൊബൈൽ ഫോണിൽ ആൺ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്തേക്കും.

ജെസ്നയുടെ പിതാവ് കരാറെടുത്ത് പണിയുന്ന വീട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജെസ്നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയിൽ കെട്ടിടത്തിനടിയിൽ ഒളിപ്പിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ച് പരിശോധിക്കുമന്ന് പത്തനംതിട്ട എസ്.പി. ടി.നാരായണന്‍ പറഞ്ഞു. നേരത്തെ ജസ്നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പൊലീസ് പരിശോധന നടത്തിയിരുന്നു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles