ഫെയിസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ നീക്കം ബില്യണിലധികം വരുന്ന ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സഹായകമാകും. ഫെയിസ്ബുക്കിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങളാണ് ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫോക്‌സ് ബിസിനസിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുമെന്നത് സംബന്ധിച്ച സ്ഥിരീകരണം നല്‍കാന്‍ ഫെയിസ്ബുക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കാനും ഫെയിസ്ബുക്ക് വക്താവ് തയ്യാറായിട്ടില്ല.

മറ്റു പല കമ്പനികളെയും പോലെ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മറ്റൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഫെയിസ്ബുക്ക് വക്താവ് അറിയിച്ചു. ഫെയിസ്ബുക്ക് എക്‌സിക്യൂട്ടീവ് ഡേവിഡ് മാര്‍ക്കസ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഒരു ടീമിനെ നിര്‍മ്മിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരുന്നതിന്റെ പ്രാരംഭ നീക്കമായിട്ടാണ് ഇതിനെ ബിസിനസ് ലോകം വിലയിരുത്തുന്നത്. അതേസമയം ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡേവിഡ് പ്രതികരിച്ചിരുന്നു. ഇത്തരം ഡിജിറ്റല്‍ ഇടപാടുകളുടെ വേഗതക്കുറവും ചെലവുമാണ് പ്രശ്‌നമായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത്.

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ടീമിനെ നിര്‍മ്മിച്ചു കഴിഞ്ഞതായി ഡേവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെസഞ്ചറില്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സംബന്ധിച്ച കാര്യങ്ങളായിരിക്കും പുതിയ ടീം പഠനവിധേയമാക്കുക. ഇത്തരം കാര്യങ്ങള്‍ പഠിച്ച ശേഷം ഭാവിയില്‍ ചില കാര്യങ്ങള്‍ ചെയ്യാനിടയുണ്ടെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഫെയിസ്ബുക്ക് ഡിജിറ്റല്‍ അസറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി വരുന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളിലും ഫെയിസ്ബുക്കിന് കുത്തക കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.