‘ഭൂരിഭാഗം കേസുകളിലും ആര്‍ത്തവ ദിവസങ്ങളിലാണ് പെണ്‍കുട്ടികള്‍ ഇത് ചെയ്തിരിക്കുന്നത്’ വനിതാ ഐഎഎസ് ഓഫീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയ സത്യം

‘ഭൂരിഭാഗം കേസുകളിലും ആര്‍ത്തവ ദിവസങ്ങളിലാണ് പെണ്‍കുട്ടികള്‍ ഇത് ചെയ്തിരിക്കുന്നത്’ വനിതാ ഐഎഎസ് ഓഫീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയ സത്യം
February 12 16:42 2018 Print This Article

ആര്‍ത്തവം എന്നത് അശുദ്ധിയല്ല, അതൊരു അവസ്ഥയും അനുഗ്രഹവുമാണെന്ന് അടുത്തകാലത്താണ് പൊതുസമൂഹം മനസിലാക്കി തുടങ്ങിയത്. ആര്‍ത്തവമുള്ള കാലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്നും ആ സമയങ്ങള്‍ അവര്‍ തരണം ചെയ്യുന്നതെങ്ങനെയാണെന്നുമെല്ലാം അടുത്തകാലത്തായി പല സ്ത്രീകളും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ സബ് കളക്ടര്‍ കൂടിയായ സരയു മോഹനചന്ദ്രന്‍.

സരയു മോഹനചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സബ് കളക്ടറായി ചാര്‍ജെടുത്തു മൂന്നു മാസം കഴിഞ്ഞു… അന്ന് മുതല്‍ നെഞ്ചില്‍ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest Dw enquiry യും ഒക്കെ… ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ 5 അസ്വാഭാവിക മരണങ്ങള്‍ …വിവാഹം കഴിഞ്ഞു 7 വര്‍ഷത്തിനുള്ളില്‍ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തില്‍ മരണമടഞ്ഞാല്‍ അതില്‍ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്… ഓരോ ഇന്‍ക്യുസ്റ്റ്് നടത്തുമ്പോഴും ഉള്ളില്‍ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ്… ഒരു ഓഫീസര്‍ എന്ന നിലയില്‍ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്. എങ്കിലും മോര്‍ച്ചറിയില്‍ എത്തുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു…

രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട്… ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു ‘174 കേസ്’ ആണ്… ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാന്‍ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു…ഇന്നലെ രണ്ടും കല്‍പ്പിച്ചു ഫോറന്‍സിക് സര്‍ജനെ വിളിച്ചു’…Dr രാംകുമാര്‍ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്. ‘എന്ത് പറ്റി ഡോക്ടര്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്?’ ഞാന്‍ അസ്വസ്ഥതയോടെ ചോദിച്ചു…’എന്ത് ചെയ്യാനാണ് മാഡം …. ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ്…’ ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു…

എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ… കൗണ്‍സിലിങ് അറേഞ്ച് ചെയ്തോ, ബോധവല്‍ക്കരണത്തിലൂടെയോ ഒക്കെ… എന്നേക്കാള്‍ ഇളയ വയസില്‍ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി ‘ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ ‘ എന്ന് ഫോര്‍മാലിന്‍ ഗന്ധം നിറഞ്ഞ മോര്‍ച്ചറിയില്‍ ആരും കാണാതെ ആരും കേള്‍ക്കാതെ എന്നോട് പറഞ്ഞ ഗൗരിയും, രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു…’അമ്മ പോയതറിയാതെ ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാന്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി…

ഡോക്ടര്‍ തുടര്‍ന്നു :’മാഡം ശ്രദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ… നമ്മള്‍ കണ്ട ഭൂരിഭാഗം കേസിലും പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഞാന്‍ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ്… പെണ്‍കുട്ടികള്‍ ആ സമയത്ത് അനുഭവിക്കുന്ന സമ്മര്‍ദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം … അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മര്‍ദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങള്‍ ശരിക്കും വഷളാക്കുന്നു… മാത്രമല്ല, നിറയെ കേസുകളില്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരുമാണ് … പ്രസവശേഷം വരുന്ന ഡിപ്രെഷന്‍ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.

ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്… ആണിനും പെണ്ണിനും അതിര്‍വരമ്പും മുള്ളുവേലിയും വെച്ച് ആര്‍ത്തവത്തിനും ആര്‍ത്തവ രക്തത്തിനും അശുദ്ധം കല്‍പ്പിച്ചു നമ്മള്‍ പറയേണ്ടതൊക്കെ പറയാതിരിക്കാന്‍ ശീലിച്ചു… പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല… ഓരോ പെണ്‍കുഞ്ഞും അത് സ്വയം അറിയുന്നു… ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി…ഇതൊന്നും മനസിലാക്കാതെ പോവുന്നതില്‍ ഞാന്‍ ഒരാണിനെയും കുറ്റപ്പെടുത്തില്ല…

അവര്‍ക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളില്‍ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ… അവനൊന്നു കാരണം ചോദിച്ചപ്പോള്‍ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ്… പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളില്‍ നമുക്ക് എന്ത് വിധ സമ്മര്‍ദ്ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മള്‍ തന്നെയാണ്… എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല, അത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവരെ സഹായിക്കാന്‍ ഇത്തരം അറിവുകള്‍ ഏറെ സഹായിക്കും… കഅട ുൃലുമൃമശേീി ടൈമിലെ കടുത്ത സമ്മര്‍ദ്ദത്തിനിടെയിലാണ് ഞാന്‍ ഇതേക്കുറിച്ചു മനസിലാക്കുന്നത്…

അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതല്‍ അറിയുന്നത് അവരെ കൂടുതല്‍ സ്നേഹിക്കാന്‍ സഹായിക്കും… പതിവില്ലാതെ അവള്‍ ദേഷ്യപ്പെടുമ്പോള്‍ മനസിലാക്കാവുന്നതേ ഉള്ളൂ, അവളെ ഹോര്‍മോണ്‍ കഷ്ടപ്പെടുത്തുകയാണെന്നു… ‘എനിക്ക് periods ആണ്… വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു’ എന്ന് തുറന്നു പറയുന്നതില്‍ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല…ആര്‍ത്തവവും PCOD പോലുള്ള രോഗങ്ങളും POSTPARTUM ഡിപ്രെഷനും ആ സമയങ്ങളില്‍ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്… ഇതൊന്നും അവരോടു പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള എസ്‌ക്യൂസ്‌കള്‍ ദയവു ചെയ്തു വിചാരിക്കരുത്… മനസിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്…

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles