ജോജി തോമസ്

തലതിരിഞ്ഞ മാധ്യമപ്രവര്‍ത്തനം മനുഷ്യജീവിതം എത്രമാത്രം ദുസ്സഹവും വേദനാജനകവും ആക്കുമെന്നതിന്റെ നേര്‍കാഴ്ചയാകുകയാണ് ഗ്ലോസ്റ്റര്‍ഷയറിലുള്ള ബെന്നി വര്‍ഗീസിന്റെ കഴിഞ്ഞു പോയ രണ്ട് ദിനങ്ങള്‍. മരണവാര്‍ത്ത പത്രത്തില്‍ വന്ന് ബന്ധുക്കളും മിത്രങ്ങളും പരിഭ്രാന്തിയിലാകുന്നത് കണ്ട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട അവസ്ഥിലാണ് ബെന്നി വര്‍ഗീസ്. തന്റെ ഫോട്ടോ വെച്ച് വന്ന മരണവാര്‍ത്തയില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന തിരക്കിലും, തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലുമായി നൂറുകണക്കിന് ഫോണ്‍ കോളുകള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസമായി മറുപടി പറഞ്ഞത്. ലണ്ടനു സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ് (ബെന്നി) അന്തരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയാണ് ബെന്നി വര്‍ഗീസിന്റെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ദുഃഖത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങള്‍ സമ്മാനിക്കുകയും യുകെ മലയാളികളെ മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തത്.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞ ഫിലിപ്പ് വര്‍ഗീസിന്റെ വേദനാജനകമായ വേര്‍പാട് യുകെ മലയാളികളില്‍ ആദ്യം എത്തിച്ചത് മലയാളം യുകെ ആയിരുന്നു. എന്നാല്‍ മലയാളം യുകെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ത്ത പുറത്തു വിട്ട ബ്രിട്ടീഷ് മലയാളിയുടെ വാര്‍ത്ത അബദ്ധങ്ങളുടെ കൂമ്പാരമായതെങ്ങനെയെന്ന് മനസിലാകാത്ത അമ്പരപ്പിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. അന്തരിച്ച ഫിലിപ്പ് വര്‍ഗീസ് സുഹൃത്തുക്കളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത് ബെന്നിയെന്ന പേരിലാണെന്നതും രണ്ടു പേരും ക്രിക്കറ്റില്‍ തല്‍പരരായിരുന്നുവെന്നുമുള്ള സാമ്യം മാത്രമേ ഇവര്‍ തമ്മിലുള്ളു. ബെന്നി വര്‍ഗീസ് താമസിക്കുന്നത് ഗ്ലോസ്‌ട്രോഷയറിലും ഫിലിപ്പ് വര്‍ഗീസ് താമസിക്കുന്നത് ലണ്ടന് സമീപം ഹോണ്‍സ്ലോയിലുമാണ്.

തിങ്കളാഴ്ച അതിരാവിലെ അഞ്ചുമണിക്ക് ദുബായിലുള്ള സുഹൃത്ത് വിളിച്ച് നീ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബെന്നി വര്‍ഗീസിന് ആദ്യം തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഫോണ്‍വിളികളാണ് ബെന്നിയെ തേടിയെത്തിയത്. തന്റെ ഫോട്ടോ വെച്ച് അന്തരിച്ചതായി വന്ന വാര്‍ത്തയ്ക്ക് മുമ്പില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി തനിക്കൊന്നും സംഭവിച്ചില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി. എന്തായാലും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മയും ജാഗ്രതക്കുറവും മറ്റുള്ളവരുടെ ജീവിതം എങ്ങനെ ദുഃഖത്തിലും ദുരിതത്തിലുമാക്കുമെന്നതിന്റെ ഉദാഹരണമാണ് ബെന്നിയും സുഹൃത്തുക്കളും കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിച്ച വേദനകള്‍. ബെന്നി വര്‍ഗീസിനും കുടുംബത്തിനും സംഭവിച്ച ദുരിതത്തിനും വേദനയ്ക്കും ഒരു ഖേദപ്രകടനം നടത്താന്‍ പോലും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.