മുസഫര്‍പുര്‍: ഡല്‍ഹിയിലേക്ക് പോയ ബസ് ബിഹാറിലെ മോത്തിഹാരിയില്‍ അപകടത്തില്‍ പെട്ട് കത്തി 24ലേറെ പേര്‍ മരിച്ചുവെന്ന ‘ഞെട്ടിപ്പിക്കുന്ന’ വാര്‍ത്ത കേട്ടയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിക്കുകയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ മരണ സംഖ്യ കുറഞ്ഞു, പിന്നെ ആരും മരിച്ചില്ലെന്ന് സ്ഥിരീകരണം വന്നു. ദേശീയ തലത്തില്‍ തമാശയായി മാറിയ ആ വാര്‍ത്ത പിറന്നതും തളര്‍ന്നതും ഇങ്ങനെയാണ്.

വ്യാഴാഴ്ച വൈകുന്നേരം 4.15നാണ് ബിഹാറിലെ മുസഫര്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ബസ് മറിഞ്ഞ് തീപിടിച്ചത്. ഈസ്റ്റ് ചമ്പാരണിലെ കോട്‌വാനില്‍ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. 42 യാത്രക്കാരുണ്ടായിരുന്ന ബസ് കത്തിപ്പോയെന്നും എട്ടുപേരില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അപ്പോള്‍ മരണ സംഖ്യ 30ല്‍ കുറയില്ല. അതിനിടെ മന്ത്രി ദിനേശ് ചന്ദ്ര യാദവ് 24 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു.

അതേ സമയമാണ് പട്‌നയില്‍ ട്രാഫിക് വാരാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവം അറിഞ്ഞതും അനുശോചന സന്ദേശത്തോടൊപ്പം മരിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും. അടിയന്തിര നടപടികള്‍ക്ക് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ അനുശോചന സന്ദേശവും മരിച്ചവര്‍ക്കുള്ള പ്രാര്‍ഥനകളും വാര്‍ത്താ ഏജന്‍സിയോട് പങ്കുവെച്ചു. എന്നാല്‍ 7.30 ഓടെ വെറും 13 യാത്രക്കാരും നാല് ജീവനക്കാരും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. ബാക്കി 27 പേര്‍ കയറേണ്ട ഗോപാല്‍ഗഞ്ജ് എത്തുന്നതിന് മുമ്പാണ് ബസ് മറിഞ്ഞത്. ഇതില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അവരെ നാട്ടുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ എത്തി തീയണച്ച ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ബസ് പൊളിച്ചു മാറ്റി. ഒരു മൃതദേഹം പോലും കണ്ടുകിട്ടിയില്ല. ആരും മരിച്ചിട്ടില്ലെന്നു കേട്ടതോടെ പ്രദേശം ശാന്തമായി. രക്ഷപ്പെട്ട് ആശുപത്രിയില്‍ എത്തിയവര്‍ ബസിലുണ്ടായവരുടെ എണ്ണം തെറ്റായി പറഞ്ഞതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഇത് സ്ഥിരീകരിക്കാന്‍ വാര്‍ത്താ വിനിമയ ശൃംഖലയും വേണ്ടത്ര കാര്യക്ഷമമല്ലായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.