ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്‌സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.