ലണ്ടന്‍: ബ്രിട്ടനിലെ ജിപിമാര്‍ ജോലി ചെയ്യുന്നത് അവരുടെ പരമാവധി ശേഷിക്കു മേലെയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. സ്വന്തം ആരോഗ്യത്തെയും സൗകര്യങ്ങളെയും പരിഗണിക്കാതെ വിശ്രമമില്ലാത്ത ജോലിയാണ് പല ഡോക്ടര്‍മാരും ചെയ്യുന്നതെന്നും ഇത് ചിലപ്പോള്‍ രോഗികള്‍ക്ക് പ്രതികൂലമാകാമെന്നും റോയല്‍ കോളേജ് ഓഫ് ജിപീസ് അധ്യക്ഷ പ്രൊഫ.ഹെലന്‍ സ്‌റ്റോക്ക്‌സ് ലാംപാര്‍ഡ് പറഞ്ഞു. ജിപി മാസികയായ പള്‍സില്‍ പ്രസിദ്ധീകരിച്ച പ്രതികരണത്തിലാണ് പ്രൊഫ. ലാംപാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിവസവും 41 രോഗികളെ വരെയാണ് പരിശോധിക്കുന്നതെന്നാണ് യുകെയിലെ 900 ജിപിമാര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സിന്റെ അഭിപ്രായത്തില്‍ പരമാവധി 25 പേരെ മാത്രമേ ജിപിമാര്‍ കാണാവൂ. ഇതാണ് രോഗികള്‍ക്ക് കൃത്യമായ പരിചണം ലഭിക്കാനുള്ള ശരാശരി കണക്ക്. എന്നാല്‍ പള്‍സ് നടത്തിയ സര്‍വേയില്‍ യുകെയിലെ അഞ്ചിലൊന്ന് ജിപിമാര്‍ (20 ശതമാനം) 50 രോഗികളെയെങ്കിലും ചികിത്സിക്കുന്നുണ്ട്. നേരിട്ട് കാണുന്നവരും ഫോണില്‍ ചികിത്സ തേടുന്നവരും, ഇ കണ്‍സള്‍ട്ടേഷനുകളും ഭവന സന്ദര്‍ശനങ്ങളുമൊക്കെ ഇവയില്‍പ്പെടും.

ചില ദിവസങ്ങളില്‍ 70ലേറെ രോഗികളെ വരെ ചികിത്സിക്കേണ്ടി വരാറുണ്ടെന്നും ജിപിമാര്‍ സര്‍വേയില്‍ വെളിപ്പെടുത്തി. ദിവസവും 13 മുതല്‍ 14 മണിക്കൂറുകള്‍ വരെയാണ് ജിപിമാര്‍ ഇപ്രകാരം ജോലി ചെയ്യുന്നത്. ഇത് കരിയറിനും രോഗികള്‍ക്കും ദോഷകരമാണെന്നാണ് പ്രൊഫ.ലാംപാര്‍ഡ് പറയുന്നത്. എന്‍എച്ച്എസില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നത് ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെയുള്ള ഒപി സമയത്ത് പോലും 300 രോഗികളെ വരെ ഡോക്ടര്‍മാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.