ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.

തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.