കാര്‍ഡിഫ്: യുവാവായ അച്ഛന്റെയും മകന്റെയും ശവസംസ്‌കാര ചടങ്ങിനിടെ അശ്ലീല വീഡിയോ പ്ലേ ചെയ്തു. കാര്‍ഡിഫിലെ തോണ്‍ഹില്‍ സെമിത്തേരിയിലാണ് സംഭവം. സംസ്‌കാരത്തിന് നൂറ് കണക്കിന് പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നിലേക്കാണ് വലിയ സ്‌ക്രീനില്‍ ഈ ദൃശ്യങ്ങള്‍ എത്തിയത്. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈമണ്‍ ലൂയിസ് എന്ന മുപ്പത്തിമൂന്നുകാരന്റെയും അദ്ദേഹത്തിന്റെ മകനായ സൈമണ്‍ ലൂയിസ് ജൂനിയറിന്റെയും സംസ്‌കാരച്ചടങ്ങിനിടെ ആയിരുന്നു സംഭവം. പുതുവര്‍ഷ രാവിലാണ് ലൂയിസ് സീനിയര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ഇദ്ദേഹം മരിച്ചത്.
കാറിനുളളില്‍ ഗര്‍ഭിണിയായ ഭാര്യയും ഏഴ് വയസുളള മകള്‍ അമാന്‍ഡയും മൂന്ന് വയസുകാരിയായ മകളും ഉണ്ടായിരുന്നു.അപകടത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് കാറപകടത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കുമോ എന്ന ആശങ്കയില്‍ മൂന്ന് ദിവസം കഴിഞ്ഞ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. വെയില്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സിസേറിയന്‍ നടന്നത്. എന്നാല്‍ അന്ന് തന്നെ കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിനിടെയാണ് കുടുംബത്തിന് അപമാനകരമായ സംഭവം ഉണ്ടായത്.

വീഡിയോ നിര്‍ത്താന്‍ നാല് മിനിറ്റോളം സമയം വേണ്ടി വന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ കാര്‍ഡിഫ് കൗണ്‍സില്‍ നിര്‍ദേശിച്ചു. സൈമണെക്കുറിച്ചുളള വീഡിയോ പ്ലേ ചെയ്യാനാണ് പുരോഹിതന്‍ തുനിഞ്ഞത്. എന്നാല്‍ അശ്ലീല ദൃശ്യങ്ങളാണ് കൂടി നിന്നവര്‍ക്ക് കാണാനായത്. എല്ലാവരും വല്ലാതെ ഞെട്ടിപ്പോയി. സൈമന്റെ ഭാര്യാപിതാവ് വീഡിയോ ഓഫ് ചെയ്യാന്‍ ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. എന്താണ് കാണുന്നതെന്ന് വിശ്വസിക്കാന്‍ കൂടി നിന്നവര്‍ക്ക് ആയില്ലെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ റവ.ലയണല്‍ ഫാതോര്‍പ് മാപ്പ് പറഞ്ഞിട്ടുണ്ട്.

തന്റെ മുപ്പത് കൊല്ലം നീണ്ട വൈദിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ റേഡിയോ മുന്‍ അവതാരകന്‍ കൂടിയാണ് ഇദ്ദേഹം. സൈമണിന്റെയും കുഞ്ഞിന്റെയും മരണം ഏല്‍പ്പിച്ച മുറിവിനു മുകളിലേക്ക് ഇത്തരമൊരു അപമാനം തന്റെ കയ്യില്‍ നിന്ന് സംഭവിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെയുണ്ടായിരന്ന എല്ലാ സുഹൃത്തുക്കളോടും കുടുംബങ്ങളോടും താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈഫൈ കണക്ഷനിലൂടെയോ ബ്ലൂടൂത്ത് വഴിയോ ആകാം ഈ ദൃശ്യങ്ങള്‍ എത്തിയതെന്നാണ് കൗണ്‍സിലിന്റെ നിഗമനം. ജീവനക്കാരാരും ഇത്തരം ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ യാതൊരു സാധ്യതയുമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

cardiff church