ഇംഗ്ലീഷ് സ്വപ്നങ്ങള്‍ തച്ചുടച്ച് ക്രൊയേഷ്യ ഫൈനലില്‍; മരിയോ മാന്‍സൂക്കിച്ചിന്‍റെ എക്‌സ്ട്രാ ടൈം ഗോളില്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍; ഇനി മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം

ഇംഗ്ലീഷ് സ്വപ്നങ്ങള്‍ തച്ചുടച്ച് ക്രൊയേഷ്യ ഫൈനലില്‍; മരിയോ മാന്‍സൂക്കിച്ചിന്‍റെ എക്‌സ്ട്രാ ടൈം ഗോളില്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍; ഇനി മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം
July 12 06:48 2018 Print This Article

മോസ്‌കോ: ഇംഗ്ലീഷ് ലോകകപ്പ് സ്വപ്നങ്ങള്‍ തച്ചുടച്ച് റഷ്യയില്‍ ക്രൊയേഷന്‍ മുന്നേറ്റം. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിന്റെ മുന്‍തൂക്കത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ലോകത്തെമ്പാടുമുള്ള ഇംഗ്ലീഷ് ആരാധകരെ കണ്ണീരണയിച്ചായിരുന്നു ക്രൊയേഷന്‍ വിജയം. കളിയുടെ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഇരുടീമുകളും നിശ്ചിത 90 മിനിറ്റില്‍ ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് അനുവദിച്ച് എക്‌സട്രാ ടൈമിലായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്ത് ക്രൊയേഷ്യ മുന്നേറിയത്.

ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനോട് ആദ്യഘട്ടത്തില്‍ പകച്ചുപോയ ക്രൊയേഷ്യ പിന്നീട് പക്ഷേ വലിയ തിരിച്ചുവരവ് നടത്തി. 5ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് കീറന്‍ ട്രിപ്പിയര്‍ മനോഹരമായി വലയിലെത്തിച്ചു. ക്രൊയേഷ്യന്‍ ഗോളി കാഴ്ച്ചക്കാരനാക്കി ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. രണ്ടാം പകുതിയില്‍ വലിയ തിരിച്ചുവരവ് നടത്തിയ ക്രൊയേഷ്യ ഇവാന്‍ പെരിസിച്ചും (68) നേടിയ ഗോളിലൂടെ സമനില പിടിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ മുതലാക്കി നടത്തിയ മുന്നേറ്റങ്ങളാണ് ക്രൊയേഷ്യന്‍ വിജയത്തിന് കാരണമായത്. 1998ലാണ് ആദ്യമായി ക്രൊയേഷ്യ ലോകകപ്പ് സെമിയിലെത്തുന്നത്. അന്ന് അവര്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മിഡ്ഫീല്‍ഡിലെ ആനുകൂല്യം നന്നായി മുതലാക്കിയ ക്രൊയേഷ്യ രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി. ലോകകപ്പ് കണ്ട ഏറ്റവും ആവേശ സെമി ഫൈനലായിരുന്നു ഇത്. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. കെയിനാകട്ടെ വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ചു നിന്നെങ്കിലും തുടര്‍ച്ചയുണ്ടായില്ല. എക്‌സ്ട്രാ ടൈമില്‍ ഗോളെന്നുറപ്പിച്ച ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡര്‍ ഗോള്‍ലൈനിനരികില്‍ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാല്‍കോയാണ് സത്യത്തില്‍ ക്രൊയേഷ്യന്‍ ഹീറോ.

റഫറി ക്രൊയേഷ്യക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിരാശരമായ ചില ആരാധകര്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കിയതോടെ ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഗ്യാലറിയില്‍ ആയിരക്കണക്കിന് നിരാശരായ ഇംഗ്ലീഷ് ആരാധകരെ കാണാമായിരുന്നു. ജൂലൈ 15ന് രാത്രി ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബെല്‍ജിയത്തിനായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles