ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തുന്നു. ഇന്ത്യയുടെ യുവ പ്രതീക്ഷ ഋഷഭ് പന്തിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രം കുറിച്ച് വിരാട് കോലിയും സംഘവും പരമ്പര നേടിയപ്പോള്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് പന്ത് ആരാധകരുടെ പ്രിയ യുവതാരമായി മാറിയത്.

ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തിന് പിന്നീടുള്ള മത്സരത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യുവതാരത്തിന് അര്‍ഹതയുണ്ടെന്ന പക്ഷക്കാരാണ് ക്രിക്കറ്റ് ആരാധകരില്‍ ഏറിയപങ്കും. ധോണിയുടെ പകരക്കാരനായി പോലും പന്തിനെ വാഴ്ത്തുന്നവരും കുറവല്ല. മികച്ച ഭാവിയുള്ള യുവതാരത്തിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

റിഷഭ് പന്തിനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയത് വിചിത്രമായ കാരണങ്ങള്‍. പന്ത് ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായതിനാലാണ് ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കുന്നു.

മധ്യനിര ബാറ്റ്സ്മാന്‍ അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ദിനേശ് കാര്‍ത്തിക്കിനെതിരായാണ് പ്രതിഷേധം. പന്തിന്‍റെയും റായുഡുവിന്‍റെയും സാധ്യതകളെ തട്ടിത്തെറിപ്പിച്ചത് കാര്‍ത്തികാണെന്ന് പലരും ട്വിറ്ററിലൂടെ വിമര്‍ശിച്ചിട്ടുണ്ട്.

വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.