ബിനോയി ജോസഫ്, മലയാളം യുകെ ന്യൂസ് ഡെസ്ക്.

സൃഷ്ടാവിന്റെ മനസറിയാന്‍ തിയറി ഓഫ് എവരിതിംഗ് രചിച്ച വിശ്വവിഖ്യാത പ്രതിഭ സ്റ്റീഫൻ വില്യം ഹോക്കിംഗ് ഇനി  ഓർമ്മകളിൽ മാത്രം. ആധുനിക ലോകം കണ്ട പ്രശസ്ത ഭൗതികശാസ്ത്രജ്ഞന് ലോകം വിട നല്കി. ശാസ്ത്രലോകത്തിന് അറിവിന്റെ അക്ഷയഖനി സമ്മാനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗിന് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. അദ്ദേഹത്തിന്റെ പ്രിയ കുടുംബാംഗങ്ങളും ശിഷ്യഗണവും സഹപ്രവർത്തകരും നിറകണ്ണുകളോടെ ശാസ്ത്ര ഗുരുവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കേംബ്രിഡ്ജിന്റെ വീഥികൾ ആദരപൂർവ്വം അപൂർവ്വ പ്രതിഭയെ യാത്രയാക്കി. നിരീശ്വരവാദിയായ സ്റ്റീഫൻ ഹോക്കിംഗിന് നല്കിയത് ആംഗ്ലിക്കൻ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ ആയിരുന്നു. പ്രൊഫ. ഹോക്കിംഗിന്റെ മുൻ പത്നി ജെയ്ൻ ഹോക്കിംഗ്, മകൻ തിമോത്തി ഹോക്കിംഗ്, മകൾ ലൂസി ഹോക്കിംഗ് എന്നിവർ നിറകണ്ണുകളുമായി ചടങ്ങിൽ പങ്കെടുത്തു.

കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആയിരങ്ങളാണ് വിശ്വവിഖ്യാത പ്രതിഭയ്ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്‌.   “എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്.. എന്തിനും അതിന്റെതായ കാലമുണ്ട്.. സ്വർഗത്തിനു കീഴിലുള്ള ഏതു ദ്രവ്യത്തിനും ഒരു സമയം വരും.. ജനിക്കാനും സമയം, അതുപോലെ മരണത്തെ പുല്കാനും.. വിതയ്ക്കുവാനും കൊയ്യുവാനും.. ജീവനെ ഇല്ലാതാക്കാനും സുഖപ്പെടുത്താനും.. തകർന്നടിയാനും സൃഷ്ടിക്കപ്പെടാനും.. കരയാനും സന്തോഷിക്കാനും.. വിലപിക്കാനും നൃത്തം ചെയ്യുവാനും.. സ്നേഹിക്കപ്പെടാനും വെറുക്കപ്പെടാനും.. യുദ്ധത്തിനും പിന്നെ സമാധാനത്തിനും”..  ദി തിയറി ഓഫ് എവരിതിംഗ് എന്ന ഹോളിവുഡ് ഡോക്യൂമെന്ററിയിൽ സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച എഡ്ഡി റെഡ് മെയ്നാണ് ആദ്യ ബൈബിൾ വായന നടത്തിയത്.

സ്റ്റീഫൻ ഹോക്കിംഗ് തന്റെ 52 വർഷങ്ങൾ ചിലവഴിച്ച ഗോൺവിൽ ആൻഡ് കെയ്സ് കോളജിനു തൊട്ടടുത്തുള്ള കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആണ് സംസ്കാര ശുശ്രൂഷ നടന്നത്. മാർച്ച് 14 നാണ് സ്റ്റീഫൻ ഹോക്കിംഗ് മരണമടഞ്ഞത്. അദ്ദേഹത്തിന് 76 വയസായിരുന്നു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് ആധുനിക കമ്യൂണിക്കേഷൻ  സംവിധാനങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ശാസ്ത്ര സംബന്ധമായ നിരവധി പ്രബന്ധങ്ങളും ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രകുതുകികൾക്ക് പ്രചോദനവും ആവേശവുമായിരുന്നു ഹോക്കിംഗ്.

സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവർത്തന വേദിയായിരുന്ന കോളജിലെ ആറ് സഹപ്രവർത്തകർ പുഷ്പാലംകൃതമായ ശവമഞ്ചം കരങ്ങളിലേറ്റിയപ്പോൾ ആയിരങ്ങളുടെ കരഘോഷത്താൽ അന്തരീക്ഷം മുഖരിതമായി. സ്റ്റീഫൻ ഹോക്കിംഗ് ജീവിച്ചിരുന്ന ഓരോ വർഷത്തെയും അനുസ്മരിച്ച് മണിനാദം 76 തവണ മുഴങ്ങി. റെഡ് മെയ്നെ കൂടാതെ മാർട്ടിൻ റീസും ബൈബിൾ റീഡിംഗ് നടത്തി. ഹോക്കിംഗിന്റെ മൂത്ത പുത്രൻ റോബർട്ട് ഹോക്കിംഗ്, ഹോക്കിംഗിന്റെ ശിഷ്യനായ പ്രഫ. ഫേ ഡോക്കർ എന്നിവർ ഹോക്കിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. 1882 ൽ സർ ഐസക് ന്യൂട്ടന്റെയും 1727 ൽ ചാൾസ് ഡാർവിന്റെയും ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന വെസ്റ്റ് മിൻസ്റ്റർ ആബേയിൽ സ്റ്റീഫൻ ഹോക്കിംഗിന്റെയും ചിതാഭസ്മം വിതറും.

“ഞങ്ങളുടെ പിതാവ് ജീവിതത്തിന്റെ ഏകദേശം 50 വർഷങ്ങൾ ചിലവഴിച്ചത് കേംബ്രിഡ്ജിലായിരുന്നു. അദ്ദേഹം ഈ നഗരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം സ്നേഹിച്ചതും അദ്ദേഹത്തെ സ്നേഹിച്ചതുമായ പ്രിയ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തുക എന്നത് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്കും മതവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അവസരം നല്കുന്നതിനായാണ് ചടങ്ങുകൾ ഇപ്രകാരം നടത്തിയത്.” സ്റ്റീഫൻ ഹോക്കിംഗിന്റെ മക്കളായ ലൂസിയും റോബർട്ടും ടിംമ്മും പറഞ്ഞു.

1942 ജനുവരി 8 ന് ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗ് പ്രഫസറായും റിസർച്ച് ഡയറക്ടറായും കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 1977 മുതൽ  2018 വരെ സേവനം അനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിൽ അമിട്രോപ്പിക് ലാറ്ററൽ സ്ക്ളീറോസിസ് ബാധിച്ച ഹോക്കിംഗ് അര നൂറ്റാണ്ടിലേറെ ശാരീരിക അവശതകളെ തരണം ചെയ്ത് കർമ്മപഥത്തിൽ ചരിത്രം രചിച്ചു. ഇലക്ട്രോണിക് വോയ്സ് സിംതസൈസർ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. തിയറി ഓഫ് എവരിതിംഗ് പ്രാവർത്തികമാക്കാനായാൽ സൃഷ്ടാവിന്റെ മനസറിയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം മെക്കാനിക്സും സബ് അറ്റോമിക് പാർട്ടിക്കിളുകളും സ്റ്റീഫൻ ഹോക്കിംഗിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ബഹിരാകാശ രഹസ്യങ്ങളും സമയവും ബ്ലാക്ക് ഹോളും  വിശദീകരിക്കുന്ന ബുക്കായ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലർ “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം”  ഹോക്കിംഗിനെ ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാലുള്ള ഏറ്റവും പ്രശസ്തനായ സെലബ്രിറ്റി ആക്കിയിരുന്നു.