കോഴിക്കോട്: കേരളത്തില്‍ കര്‍ഷക ആത്മഹത്യ. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ ജോയ്(57) ആണ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.

ഈ സമരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നികുതി സ്വീകരിച്ചത്. ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് വിവരം. നികുതി അടക്കാനെത്തുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരികെ അയക്കുകയാണ് പതിവ്. ഇതിലുണ്ടായ മനപ്രയാസമാണ് ജോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഉദ്യോഗസ്ഥ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരന്‍ ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ ജില്ലാകളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി ചന്ദ്രശേഖരനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ജോയിയുടെ പേരിലുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.