ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലത്തിനുള്ളില്‍ ബ്രിട്ടനിലെ ഫാമിംഗ് വ്യവസായം ഇല്ലാതാകുമെന്ന് കോമണ്‍സ് കമ്മറ്റിയുടെ മുന്നറിയിപ്പ്. ഇക്കാലയളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കോമണ്‍സ് കമ്മറ്റി മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ സ്വതന്ത്ര വ്യാപാരക്കരാര്‍ സ്ഥാപിക്കാന്‍ 2020 അവസാനം വരെ സമയമുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വകനല്‍കുന്നതെന്നും കോമണ്‍സ് സര്‍വകക്ഷി ഫുഡ് ആന്റ് റൂറല്‍ അഫേയേര്‍സ് കമ്മറ്റി പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് സൃഷ്ടിക്കുന്ന ആഘാതത്തില്‍നിന്ന് ഉപഭോക്താക്കളെയും വ്യാപാരികളെയും സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മറ്റി ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രോസണ്‍ കോഴിയിറച്ചി വിലയില്‍ 87 ശതമാനവും ചെഡാര്‍ ചീസ് വിലയില്‍ 42 ശതമാനവും, ഗ്രേറ്റഡ് ചീസ് വിലയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ വിധത്തിലുള്ള സ്വതന്ത്ര വ്യാപാര ബന്ധവും ഉപഭോക്തൃ ബന്ധവുമാണ് യുറോപ്യന്‍ യൂണിയനുമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്തരമൊരു വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കോമണ്‍സ് കമ്മറ്റി പറയുന്നു.

ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയന്‍ സബ്‌സിഡികള്‍ നഷ്ടമാകുകയും ലോക വ്യപാരാ സംഘടനയുടെ നിയമമനുസരിച്ച് വരാന്‍ സാധ്യതയുള്ള വര്‍ദ്ധിച്ച താരിഫും കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കമ്മറ്റി പറയുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പുതിയ സാമ്പത്തികപദ്ധതികള്‍ കൊണ്ടുവരണമെന്ന് കമ്മറ്റി പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പരിശോധനകളിലുണ്ടാകുന്ന കാലതാമസം മൂലം നശിക്കാനിടയുണ്ടെന്നും അവ കൃത്യ സമയത്ത് യഥാസ്ഥലങ്ങളില്‍ എത്തുന്നില്ലെന്നും കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് കാര്യമായി സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യ പാദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയാത്തത് കാരണമാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ക്ഷീര ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി. വില വര്‍ദ്ധനവ് മാംസ മേഖലയെക്കൂടി ബാധിക്കാന്‍ സാധ്യതയുണ്ട്.