ലണ്ടന്‍: ക്ലാസ്മുറിയിലെ വൈ-ഫൈ റേഡിയേഷന്‍ 12കാരിയായ വിദ്യാര്‍ത്ഥിനിക്ക് 40ഓളം രോഗങ്ങള്‍ പിടിപെടാന്‍ കാരണമായെന്ന് മാതാപിതാക്കള്‍. സോമറെസ്റ്റിനടുത്തുള്ള യോവില്‍ താമസിക്കുന്ന നെയില്‍ ബോക്‌സാലിനാണ് തന്റെ മകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌കൂളിലെ വൈ-ഫൈ റേഡിയേഷനെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വൈ-ഫൈ ഉപയോഗം സ്‌കൂള്‍ അധികൃതര്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ നെയില്‍ തന്റെ മകളെ ഹോം സ്‌കൂളിംഗ് രീതിയിലേക്ക് മാറ്റുകയാണുണ്ടായത്. തൊലിയിലെ ചൊറിച്ചില്‍, കണ്ണില്‍ ചൊറിയുക, മറവി, ഉത്കണ്ഠ, വ്യാകുലത, സംസാരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങി നാല്‍പ്പതോളം രോഗ ലക്ഷണങ്ങള്‍ മകളില്‍ കണ്ടെത്തിയിരുന്നുവെന്ന് നെയില്‍ പറയുന്നു. എഞ്ചിനിയറായ നെയില്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് മകളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്.

7-ാമത്തെ വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഞാന്‍ ഇക്കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവള്‍ 8-ാമത്തെ വര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ശ്രദ്ധയില്ലായ്മയില്‍ തുടങ്ങി നിരവധി മാനസിക പിരിമുറുക്കത്തിലൂടെയും അവള്‍ കടന്നുപോകുന്നതായി എനിക്ക് വ്യക്തമായി. സ്‌കൂള്‍ അധികൃതരുമായി ഇത് സംസാരിക്കുകയും ചെയ്തിരുന്നു.-നെയില്‍ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ എല്ലാം തന്നെ വൈ-ഫൈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സൂക്ഷതലത്തില്‍ വിലയിരുത്തിയപ്പോള്‍ മകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വൈ-ഫൈ റേഡിയേഷനാണെന്ന് ബോധ്യമാവുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും. വൈ-ഫൈ ഓഫ് ചെയ്യാമെന്ന് അദികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായി നെയില്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ നെയിലിനെ അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മകള്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതോടെ നിലവില്‍ തുടരുന്ന സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ മകളോട് നെയില്‍ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ സിസ്റ്റത്തില്‍ പഠിച്ചു പരിയപ്പെട്ട നെയിലിന്റെ മകള്‍ക്ക് ആദ്യഘട്ടത്തില്‍ ഹോം സ്‌കൂളിംഗ് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മറിച്ചായി. ശ്രദ്ധക്കുറവ്, കണ്ണിനും തൊലിയിലുമുണ്ടായിരുന്ന ചൊറിച്ചില്‍ എന്നിവയോടപ്പം മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് നെയില്‍ ചൂണ്ടിക്കാണിക്കുന്നു.