31 വർഷമായി ചെരിപ്പിടാത്ത കുരിയാക്കോസിന്‍റെ ജീവിത കഥ !!! ഈ കേരള കോൺഗ്രസുകാരൻ ചെരിപ്പിടത്തിന്റെ കാരണം രാഷ്ട്രീയം അല്ല, പിന്നെയോ ?

31 വർഷമായി  ചെരിപ്പിടാത്ത കുരിയാക്കോസിന്‍റെ  ജീവിത കഥ !!! ഈ കേരള കോൺഗ്രസുകാരൻ ചെരിപ്പിടത്തിന്റെ കാരണം രാഷ്ട്രീയം അല്ല, പിന്നെയോ ?
April 12 15:00 2018 Print This Article

ഇതാണ് ആ കാരണം വളച്ചുകെട്ടലൊന്നും ഇല്ല, നേരെ കഥയിലേക്ക്.1987 മാര്‍ച്ച് 25ന് രാവിലെ പത്തരയോടെ തൃശൂര്‍ പുറ്റേക്കരയില്‍ ഒരപകടം നടന്നു. സൈക്കിളില്‍ ജോലിയ്ക്കു പോകുകയായിരുന്ന പുറ്റേക്കര സ്വദേശി വര്‍ഗീസ് ടെംപോയിടിച്ച് തല്‍ക്ഷണം മരിച്ചു. അന്ന് ഉച്ചയ്ക്ക് പുറ്റേക്കരയില്‍ മറ്റൊരു ദൃഢപ്രതിജ്ഞ നടന്നു. അപ്പന്‍ വണ്ടിയിടിച്ചു മരിച്ചു വീണ മണ്ണില്‍ ഇനി ചെരിപ്പിടില്ല. വര്‍ഗീസിന്റെ മൂത്ത മകന്‍ കുരിയാക്കോസായിരുന്നു ആ പ്രതിജ്ഞയെടുത്തത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴെല്ലാം ഈ ജങ്ഷന്‍ പിന്നിടണം.

അപ്പന്‍ മരിച്ചു വീണ മണ്ണില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് അപ്പനോടുള്ള അനാദരമായി മനസില്‍ ചിന്തവന്നതാണ് ദൃഢപ്രതിജ്ഞയ്ക്കു കാരണം. ദുരന്തത്തിന്റെ കണ്ണീരിനിടയില്‍ കുരിയാക്കോസിന്റെ ശപഥം ആരും അറിഞ്ഞതുമില്ല. കാരണം, പതിനാറു വയസുള്ള ചെറിയ പയ്യന്‍ ചെരിപ്പിടാതെ നടക്കുന്നത് ആ മരണവീട്ടില്‍ ആരും ശ്രദ്ധിച്ചതുമില്ല. പിന്നെ, ജീവിതം മുന്നോട്ടു പോയപ്പോള്‍ ചെരിപ്പിടാത്തതിന്റെ കാരണം പലരും തിരക്കി. എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി. വിവാഹ ആലോചന തുടങ്ങിയപ്പോള്‍ വീണ്ടും ചെരിപ്പ് വില്ലനായി. ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണു പറഞ്ഞു. രണ്ടാമതു കണ്ട പെണ്ണാകട്ടെ ചെരിപ്പിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ കുരിയാക്കോസിന്റെ ജീവിതസഖിയായി. വിവാഹപന്തലിലും ചെരിപ്പിടാന്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും വെളിപ്പെടുത്തിയില്ല യഥാര്‍ഥ കാരണം.

പിന്നെ, രാഷ്ട്രീയക്കാരന്റെ മേലങ്കിയണിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതാവായി നാട്ടില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും പലപ്പോഴായി മല്‍സരിച്ചു. ചെരിപ്പിന്റെ രഹസ്യം പുറത്തുവിടാതെതന്നെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചെരിപ്പിടാത്ത രാഷ്ട്രീയക്കാരനെക്കുറിച്ച് പല പത്രങ്ങളിലും പണ്ട് വാര്‍ത്ത വന്നിട്ടുണ്ട്. അന്നെല്ലാം, ചെരിപ്പിടാത്ത രാഷ്ട്രീയക്കാരന്റെ ലാളിത്യമായി മാത്രമാണ് ആ കഥ പുറത്തുവന്നത്.

കടുത്ത വേനില്‍ ഉരുകിയൊലിക്കുന്ന ടാറില്‍ ചെരിപ്പിട്ടു പോലും നടക്കാന്‍ പ്രയാസം. അപ്പോള്‍ പിന്നെ, ചെരിപ്പിടാതെ നടക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഈ ചൂടിലും ചെരിപ്പിടാതെ കുരിയാക്കോസ് നടക്കും. കുറേവര്‍ഷമായി നടക്കുന്നതിനാല്‍ കാല്‍പാദത്തിനടയില്‍ തൊലിയ്ക്കു നല്ല കട്ടിയായി. പൊള്ളാറില്ല. പിന്നെ, സൂചിയെങ്ങാനും കയറിയാല്‍ മറ്റുള്ളവര്‍ നിഷ്പ്രയാസം എടുക്കുന്നതു പോലെ എടുത്തുമാറ്റാന്‍ കഴിയില്ല. കാല്‍പാദത്തിനടിയിലെ തൊലി നല്ല കട്ടിയായതാണ് പ്രശ്നം. ഇനി മരണം വരെ ചെരിപ്പ് വേണ്ടെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.വി.കുരിയാക്കോസ് തൃശൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ നിരവധി യാത്രകള്‍ വേണം. അപ്പോഴെല്ലാം, ചെരിപ്പില്ലാതെ കുരിയാക്കോസ് നടക്കും. അപ്പന്റെ ഓര്‍മകള്‍ക്ക് കരുത്തായി കുര്യാക്കോസിന്‍റെ ഈ ദീര്‍ഘയാത്രകള്‍ തുടരുകതന്നെയാണ്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles