ബിജോ തോമസ് അടവിച്ചിറ  

മാർട്ടിൻ അച്ഛന്റെ അകാല വേർപാടിൽ തേങ്ങി പുളിങ്കുന്ന് ഗ്രാമം, ഇതു വരെയും മകന്റെ ദാരുണ അന്ത്യം അറിയാതെ തോമസ് സേവ്യർ എന്ന മാമച്ചൻ. വീട്ടിൽ അധികം ആളുകൾ വരുന്നത് കണ്ടു പ്രമേഹ ബാധിതനായി നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു ഹാളിനോട് ചേർന്നുള്ള മുറിയിൽ കിടക്കുന്ന മാമച്ചൻ മക്കളെ ഓരോ ഒരുത്തരായി വിളിച്ചു കാര്യം അന്വേഷിക്കുന്നു. വരുന്നവരോടെല്ലാം മകനെ കാണാതായ വിവരം പറഞ്ഞു തേങ്ങുന്ന മനസുമായി ഇരിക്കുന്ന മാമ്മച്ചനോട് മകന്റെ മരണവിവരം അറിയിക്കാൻ മക്കൾക്കോ വീട്ടിൽ വരുന്നവർക്കോ ധൈര്യം ഇല്ല.

സഹോദരി റോസമ്മയുടെ മകൾ എമിലിയുടെ കൊഞ്ചൽ കേൾക്കാൻ മാർട്ടിൻ അച്ഛൻ രണ്ടു ദിവസം കൂടുമ്പോൾ സഹോദരിയെ വിളിക്കാറുണ്ടായിരുന്നു, അടുത്ത മാസം നാട്ടിലേക്കു വരും എന്ന് കരുതിയ കുഞ്ഞുമോൻ (മാർട്ടിൻ) വരുന്നത് ക്രിസ്തുമസിലേക്ക് മാറ്റിയത് പറയാൻ ആയിരുന്നു അവസാനം വിളിച്ചത് എന്ന് സഹോദരിയുടെ തേങ്ങലോടുള്ള വാക്കുകൾ. ഇളയ സഹോദരി റീത്താമ്മ ലണ്ടനിലെ ഭികരാക്രമണം കണ്ടു കുഞ്ഞുമോനെ വിളിച്ചപ്പോൾ ഇവിടെ കുഴപ്പമൊന്നുമില്ലെന്നും തൊണ്ടവേദന കാരണം ബുദ്ധി മുട്ടാണെന്നു പറഞ്ഞു. കുർബാനക്ക് സമയമായതിനാൽ പിന്നീട് വിളിക്കാമെന്ന് പറഞ്ഞു വച്ചു. അതെ സമയം ചൊവ്വാഴ്ച്ച മുതൽ മാർട്ടിനെ കണ്ടില്ല എന്ന വിവരമാണ് എഡിൻബറോയിൽ നിന്നും തങ്ങൾക്കു കിട്ടിയതെങ്കിലും മാർട്ടിന്റെ ഫോണിൽ നിന്നും ബുധനാഴ്ചയും സഹോദരൻ തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു എന്ന് ഉപഭോകതാ കോടതി അംഗമായ തങ്കച്ചൻ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ തനിക്കു ഫോൺ എടുക്കാൻ പറ്റാതിരുന്നത് മൂലം പിന്നീട് തിരിച്ചു വിളിച്ചെന്നും അപ്പോൾ ഫോൺ റിങ് ചെയുന്നതല്ലാതെ മറുപടി ഉണ്ടായില്ല. 

10 വയസിൽ അൾത്താര ബാലനായി തുടങ്ങിയാണ് കൂട്ടുകാരും വീട്ടുകാരും കുഞ്ഞുമോൻ എന്ന് വിളിക്കുന്ന മാർട്ടിൻ വൈദികവൃത്തിയിൽ എത്തിപ്പെടുന്നത്. പത്താം ക്‌ളാസിൽ സെക്കന്റ് ക്ലാസ് മാത്രമുണ്ടായിരുന്ന മാർട്ടിൻ സെമിനാരിയിൽ ചേർന്ന ശേഷം ഉയർന്ന വിജയത്തോടെ പടവുകൾ ചവിട്ടിക്കയറിയത്. 80% മാർക്കോടെ എസ് ബി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ മാർട്ടിൻ വൈദികവൃത്തിയോടൊപ്പം പഠിക്കണമെന്ന ആഗ്രഹവും മനസിലുണ്ടായിരുന്നതിനാൽ ആണ് എഡിൻബൊറോ സർവകലാശാലയിൽ ഉപരി പഠനത്തിന് പോയത്. ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പക്ഷെ വിധിയുണ്ടായില്ല.

അകാലത്തിൽ നിലച്ച ആ ശബ്ദം, ഫാദർ മാർട്ടിന്റെ മനോഹരമായ ഒരു ഗാനാലാപനം കേൾക്കാം…. 

നല്ല ഗായകൻകൂടി ആയിരുന്ന മാർട്ടിൻ അച്ഛൻ ചങ്ങനാശേരി ചെത്തിപ്പുഴ തിരു:ഹൃദയ ദേവാലയത്തിൽ സഹ വികാരിയായി ഇരിക്കുമ്പോൾ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്രയുടെ ഒപ്പമുണ്ടായിരുന്നു എന്ന് ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം പറഞ്ഞു . മാർട്ടിൻ അച്ഛന്റെ മരണകരണവും സംസ്കാരവും സംബന്ധിച്ച വിവരങ്ങൾക്കായി ജന്മനാടായ പുളിങ്കുന്നുകാർക്കൊപ്പം ചങ്ങനാശേരികാരും കാത്തിരിക്കുകയാണ്.

മാർട്ടിൻ അച്ഛന്റെ ബോഡി കിട്ടിയ ഈസ്റ്റ് ലോത്തിൻ കടപ്പുറം