ഭീകരര്‍ തട്ടികൊണ്ടു പോയ ഫാ: ടോം ഉഴുന്നാലില്‍ തടവറയിലെ തന്റെ അനുഭവങ്ങള്‍ പ്രമുഖ മാധ്യമവുമായി പങ്കുവച്ചു. 557 ദിവസമായിരുന്നു ഫാ: തടവറയില്‍ കഴിഞ്ഞത്. എന്നാല്‍ ഭീകരര്‍ തട്ടികൊണ്ടു പോയപ്പോള്‍ അവര്‍ തന്നെ വധിക്കില്ല എന്നു മനസിലായി എന്നു ഫാ: പറയുന്നു. അതു തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് ഫാ: പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തീവ്രവാദികൾ യെമനിലെ ഏഡനിൽ പ്രവ‍ർത്തിക്കുന്ന മദർ തെരേസ വൃദ്ധസദനം ആക്രമിച്ചത്. തുടരെ വെടിവച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറുകയായിരുന്നു. ആദ്യം കാവൽ നിന്ന സെക്യൂരിറ്റിയെ വധിച്ചാണ് ക്യാമ്പിൽ കടന്നത്. പിന്നെ കൺമുന്നിൽ കണ്ട ഓരോരുത്തരേയും അവരുടെ നാട് അന്വേഷിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തി. എന്റെ അടുത്തുവന്ന് ഏതു നാട്ടുകാരനാണെന്ന് ചോദിച്ചു

‘ഐ ആം ഫ്രം ഇന്ത്യ’ എന്നു പറഞ്ഞപ്പോൾ എന്നെ സെക്യൂരിറ്റിയുടെ മുറിയിലേക്ക് മാറ്റി നിർത്തി. ഒപ്പമുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്. കൺമുന്നിൽ രണ്ടു സിസ്റ്റർമാരെ വെടിവച്ചു കൊലപ്പെടുത്തി. നിസഹായനായി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. അൽപം സമയം കഴിഞ്ഞപ്പോൾ ആയുധധാരികൾ വീണ്ടുമെത്തി. അവർ എന്നെ കാറിന്റെ ഡിക്കിയിലേക്ക് തള്ളി. പിന്നാലെ എന്തോ വന്നു എന്റെ കാൽചുവട്ടിലേക്ക് വീണു. വൃദ്ധസദനത്തിലെ അൾത്താരയിലെ സക്രാരി (തിരുവോസ്തി സൂക്ഷിക്കുന്ന പേടകം) ആയിരുന്നു അത്. കൈയിൽ കിട്ടിയതെല്ലാം കൊള്ളയടിക്കുന്ന കൂട്ടത്തിൽ ലഭിച്ചതാകാം.

കൈകൾ ബന്ധിച്ചിട്ടില്ലാതിരുന്നതിനാൽ സക്രാരി മൂടിയിരുന്ന വെൽവെറ്റ് തുണിയുടെ അടിയിലൂടെ കൈകൾകൊണ്ടു പരതി. അതിൽ തലേദിവസം കൂദാശ ചെയ്ത നാലോ അഞ്ചോ തിരുവോസ്തികൾ ഉണ്ടായിരുന്നു. അതിൽ കൈവച്ചു ഞാൻ പ്രാർഥിച്ചു. അപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, ദൈവം അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല. ദൈവം എന്നോടൊപ്പമുണ്ടെന്നതിന്റെ അടയാളമായാണ് ആ തിരുവോസ്തികൾ എനിക്ക് അനുഭവപ്പെട്ടത്. എനിക്കുറപ്പായിരുന്നു അവർ എന്നെ വധിക്കില്ലെന്ന്. കാരണം എനിക്ക് ദൈവത്തിന്റെ കാവലുണ്ടായിരുന്നല്ലോ?