ജോബി ഇഞ്ചനാട്ടില്‍

ഗ്ലാസ്ഗോ: മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് സ്ഥിരം ആസ്ഥാനമായി. മദര്‍വെല്‍ രൂപതയില്‍ നിന്നും ലഭിച്ച ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഘോഷത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കവേ ആണ് മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ. ജോസഫ് ടോള്‍ പിതാവ് കേരളത്തില്‍ നിന്നുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസ തീഷ്ണതയെ പ്രശംസിച്ചത്. കുഞ്ഞു കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ വരെ എല്ലാവരും ഭക്തിയിലും അച്ചടക്കത്തിലും തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും ഇത് തദ്ദേശീയരായ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാതൃക ആണെന്നും പിതാവ് അഭിപ്രായപ്പെട്ടു.

 

ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച ആണ് സമാപനമായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ. ഫാ തോമസ് എടാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ.. ജോസഫ് ടോള്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കി. മദര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ജോസഫ് വെമ്പാടം തറ, ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം, റവ. ഫാ റോജി നരിതൂക്കില്‍ (ഡണ്‍ഡി), റവ. ഫാ ആന്റണി കോട്ടക്കല്‍, റവ. ഫാ ജോസ് സിറിലോ റോഡ്രിഗസ്, എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു.

തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണത്തിന് മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ.. ജോസഫ് ടോള്‍ നേതൃത്വം നല്‍കി. സ്‌കോട്ടിഷ് ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ഇടവക വിശ്വാസികളും അനേകം ലോക്കല്‍ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. കാമ്പസ് ലാങ് സെന്റ് ബ്രൈഡ്‌സ് പള്ളി വികാരി ഫാ പോള്‍ മോര്‍ട്ടന്‍, സെന്റ് കത്ബെര്‍ട് പള്ളി മുന്‍ വികാരി ഫാ ജെറാര്‍ഡ് ബോഗന്‍ എന്നിവരും മറ്റു വൈദികരോടൊപ്പം പ്രദക്ഷിണത്തില്‍ സന്നിഹിതരായിരുന്നു.
പ്രദക്ഷിണത്തിന് ശേഷം പള്ളി ഹാളില്‍ ഇടവക അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ സ്നേഹവിരുന്നോടു കൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചത്.

കഴിഞ്ഞ പത്തു ദിവസമായി എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും പ്രത്യേകം നിയോഗം വച്ചുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ വികാരി ഫാ ചാള്‍സ് ഡോര്‍മെന്‍ കൊടി ഉയര്‍ത്തി. ഇതോടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിച്ചു. അന്നേ ദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സ് നേതൃത്വം നല്‍കി. അബിഗെയ്ല്‍ റോസ് ജോസഫ്, അമേലിയ തോമസ്, ജിവില്‍ സജി, മെറിന്‍ ക്ലാര ജേക്കബ്, ജില്‍ബി ജോയ്, പവേല്‍ ഫ്രാങ്ക്, ജോസ്മി മാത്യു, ഷെറിന്‍ ജെയ്സണ്‍, അന്‍സു ബിനോയ്, അലന്‍ സജു, ജോയല്‍ തോമസ്, സിജു തോമസ് എന്നിവര്‍ ആയിരുന്നു ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍. ഇടവക വികാരി ഫാ ജോസഫ് വെമ്പാടം തറ, തിരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും തിരുനാളില്‍ പങ്കെടുത്തു തിരുന്നാള്‍ ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.