അമിതവേഗതയില്‍ പാഞ്ഞ ഫെരാരി കാര്‍ വൂഡന്‍ പോസ്റ്റിലിടിച്ച് 13കാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 1.2 മില്ല്യണ്‍ പൗണ്ട് വിലയുള്ള സൂപ്പര്‍ കാര്‍ തകര്‍ന്നു. മാത്യൂ കോബ്‌ഡെന്‍ എന്ന 39 കാരനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന അലക്‌സാണ്ടര്‍ വര്‍ത്ത് എന്ന 13കാരന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ അപകടത്തിന്റെ ദൃശ്യത്തില്‍ റോഡരികലുള്ള വുഡന്‍ പോസ്റ്റില്‍ ഇടിച്ച കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. നാല് സെക്കന്‍ഡില്‍ 60 മൈല്‍ സ്പീസ് കൈവരിക്കാനാകുന്ന എഫ് 50 മോഡല്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നതായും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.

കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പരാജയപ്പെട്ട കോബ്ഡന്‍ കുട്ടിയുടെ മരണത്തിന് കാരണക്കാരനായെന്നും വാദമുയര്‍ന്നു. കാറിനൊപ്പം നിന്ന് ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹം അവനൊപ്പമുണ്ടായിരുന്ന അവന്റെ അമ്മയുടെ പാര്‍ട്‌നര്‍ കോബ്ഡനെ അറിയിച്ചു. കോബ്ഡന്റെ ഫാമില്‍ ഒരു ബാറ്ററി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. അലക്‌സാന്‍ഡറിനൊപ്പം ഒരു റൈഡാണ് കോബ്ഡന്‍ വാഗ്ദാനം നല്‍കിയത്. 10 കിലോമീറ്റര്‍ വേഗതാ നിയന്ത്രണമുള്ള റോഡില്‍ ഇയാള്‍ അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ തോമസ് വില്‍ക്കിന്‍സ് കോടതിയെ അറിയിച്ചു. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനം മോശം റോഡില്‍ ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ പോലും ഇയാള്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാറിന്റെ പവര്‍ മനസ്സിലാക്കാതെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുകയും നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വുഡന്‍ പോസ്റ്റില്‍ കാറിടിക്കുകയുമായിരുന്നു. അലക്‌സ് സംഭവം സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് വാഹനത്തിന്റെ തകരാറ് മൂലമായിരുന്നില്ലെന്നും വില്‍കിന്‍സ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് താന്‍ കാരണമായെന്ന ആരോപണം കോബ്ഡന്‍ നിഷേധിച്ചു. കേസില്‍ വിചാരണ തുടരുകയാണ്.