ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.

സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക്‌ ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.

പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ്‌ സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല.   ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.