ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.

ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.