യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഫ്‌ഐആര്‍

by News Desk 5 | February 14, 2018 8:45 am

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. 30 ലധികം പേരെ കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.

സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് കോണ്‍ഗ്രസും ആരോപിക്കുന്നത്. ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തി മുദ്രാവാക്യം വിളിത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

സിപിഎം, സിഐടിയു പ്രവര്‍ത്തകരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബിനെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ശുഹൈബിന്റെ കാലുകളില്‍ 37 വെട്ടുകള്‍ ഏറ്റിരുന്നു. ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Source URL: http://malayalamuk.com/fir-filed-against-cpm-workers-in-suhaib-mrder/