ഐസ് ലാന്‍ഡില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ യാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. രാജശ്രീ ലത്തൂരിയ എന്ന യുവതിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ രാജശ്രീയുടെ ഭര്‍ത്താവ് ശ്രീരാജ് ലത്തൂരിയയുടെ സഹോദരന്‍ സുപ്രീമിന്റെ ഭാര്യ ഖുശ്ബൂ ലത്തൂരിയ, മൂന്നു വയസുള്ള കുട്ടി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീരാജ്, സുപ്രീം, എട്ടു വയസുള്ള പെണ്‍കുട്ടി, 9 വയസുള്ള ഒരു ആണ്‍കുട്ടി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജശ്രീയുടെയും ശ്രീരാജിന്റെയും പത്തു മാസം പ്രായമുള്ള കുട്ടി, ശ്രീപ്രഭയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂസര്‍ ഒരു പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അപകടമുണ്ടായത്. നാഷണല്‍ റൂട്ട് 1ല്‍ 300 മീറ്റര്‍ നീളമുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. സതേണ്‍ ഐസ് ലാന്‍ഡിലെ വിശാലമായ മണല്‍ത്തിട്ടയാണ് ഈ പ്രദേശം. പരിക്കേറ്റവരെ തലസ്ഥാനമായ റെയ്ക്യാവിക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം എങ്ങനെയാണ് നഷ്ടമായതെന്ന് മനസിലാക്കണമെങ്കില്‍ ഇവരുടെ മൊഴിയെടുക്കണം. എന്നാല്‍ അത് എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പോലീസ് അറിയിക്കുന്നു. റോഡില്‍ ഐസുണ്ടാകാനുള്ള സാധ്യതയില്ലായിരുന്നു. എന്നാല്‍ ഹ്യുമിഡിറ്റി മൂലം റോഡില്‍ തെന്നലുണ്ടായിരിക്കാമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വംശജരായ രണ്ട് ബ്രിട്ടീഷ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഐസ് ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വാടാന്യോക്കുള്‍ ഗ്ലേസിയറിന് തൊട്ടടുത്താണ് അപകടം നടന്നത്. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്താറുള്ള സ്ഥലമാണ് ഇത്.