കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.

ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ വധിച്ചതിനുപിന്നാലെ ബഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖാസിം സുലൈമാനിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഖാസിം സുലൈമാനിയെ വധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വടക്കന്‍ ബഗ്ദാദില്‍ പൗര സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പൗരസേന കമാന്‍ഡര്‍ അടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനാണ് സുലൈമാനിയെ വധിച്ചതെന്ന് സൈനിക നടപടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ വിവിധ സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സുലൈമാനി.

ഇറാന്‍ രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ ഖ്വാനിയെ നിയമിച്ചു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ മാരകമായ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകണ്ട് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ പുതിയതായി വിന്യസിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുകയാണ്. നാളെ മുതല്‍ ഇരുപത് ദിവസത്തേക്ക് ദോഹയില്‍ നടത്താനിരുന്ന ഫുട്ബോള്‍ പരിശീലന ക്യാംപ് അമേരിക്ക ടീം റദ്ദാക്കി.