ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.

2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്‌സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.