എല്‍സാല്‍വദോര്‍: സിക വൈറസ് ബാധ മൂലം ജനിക്കുന്ന കുട്ടികള്‍ക്ക് മസ്തിഷ്‌ക വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ച പശ്ചാത്തലത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃത ഗര്‍ഭച്ഛിദ്രങ്ങള്‍ വര്‍ദ്ധിക്കുന്നു. വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ 2018 വരെ സ്ത്രീകള്‍ ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഭീതി മൂലം നിലവില്‍ ഗര്‍ഭിണികളായവരും അവ അലസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതായാണ് വിവരം. ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുള്ള രാജ്യങ്ങളില്‍ അതിനായി അനധികൃത ക്ലിനിക്കുകളുടെ സേവനം ഇവര്‍ തേടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ ഗര്‍ഭച്ഛിദ്രം പോലുള്ളവ ചെയ്യുന്നതു മൂലം അതിനു വിധേയരാകുന്നവര്‍ നേരിടുന്ന അപകട ഭീഷണിയും അവഗണിക്കാവുന്നതല്ല. ഗര്‍ഭച്ഛിദ്രം തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെങ്കിലും വൈകല്യവുമായി തങ്ങളുടെ കുഞ്ഞിനെ കാണാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളാണ് ഇതിന് ഒരുങ്ങുന്നത്. ഗര്‍ഭച്ഛിദ്രം നിയമം മൂലം നിരോധിച്ച എല്‍സാല്‍വദോറില്‍ അനധികൃതമായി ഒട്ടേറെപ്പേര്‍ ഗര്‍ഭമലസിപ്പിച്ചു. സിക ബാധ മൂലം ഒരു വര്‍ഷത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് എല്‍സാല്‍വദോര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശം മൂലം ഗര്‍ഭച്ഛിദ്രങ്ങള്‍ പെരുകുകയാണെന്നും ജനങ്ങളെ സര്‍ക്കാര്‍ തെറ്റിധരിപ്പിക്കുകയാണെന്നും കത്തോലിക്കാ സഭ ആരോപിക്കുന്നു. എല്‍ സാല്‍വദോറില്‍ ആറായിരം പേര്‍ക്ക് സിക ബാധ കണ്ടെത്തിയിരുന്നു.

സിക ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗജന്യ ഗുളികകള്‍ നല്‍കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ച വിവരം ഒരു ഡച്ച് സന്നദ്ധ സംഘടന അറിയിച്ചിരുന്നു. അനധികൃത ക്ലിനിക്കുകളെ ആശ്രയിച്ച് സുരക്ഷിതമല്ലാത്ത രീതികള്‍ പിന്തുടരുന്നതിനു തടയിടുയാണ് സംഘടന ഉദ്ദേശിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് അനുമതി ഇല്ലാത്ത രാജ്യങ്ങളിലാണ് ഈ രോഗം വ്യാപകമായി പടരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.