ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട നിലയില്‍ 54 കൈപ്പത്തികള്‍ കണ്ടെത്തി. സൈബീരിയന്‍ തീരത്തു നിന്ന് മത്സ്യ തൊഴിലാളികളാണ് ബാഗ് ആദ്യമായി കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗിന് മുകളിലായി ഒരു കൈപ്പത്തി ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ ആദ്യം അതൊരു മരത്തടിയാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ബാഗ് തുറന്നു നോക്കിയപ്പോഴാണ് മനുഷ്യ കൈപ്പത്തിയാണെന്ന് മനസ്സിലായത്.

കൂട്ടകൊലപാതകത്തിന് ശേഷം കൈകള്‍ വെട്ടിമാറ്റി ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി കൈപ്പത്തികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സിറിഞ്ചുകളും കോട്ടണ്‍ തുണികളും സമീപ പ്രദേശത്ത് നിന്നായി കണ്ടെടുത്തിട്ടുണ്ട്.

റഷ്യന്‍ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുമാണെ ഈ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത് സംശയമുണ്ട്. ഈ വിഷയങ്ങള്‍ അന്വേഷിച്ചു വരികയാണ്. കൈകളുടെ ചിത്രങ്ങള്‍ സൈബീരിയന്‍ ടൈംസാണ് പുറത്തു വിട്ടിരിക്കുന്നത്.