കനത്ത മഴയ്ക്കിടയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ബോട്ട് ആലുപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേന ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷിച്ചു.

മഴയെതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പിനെ വകവയ്ക്കാതെ പോയ ബോട്ട് തിരയിലും കാറ്റിലും അകപ്പെട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങിയതിന് പിന്നാലെ നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. തുടര്‍ന്ന് നാവികസേനയുടെ അവസരോചിത ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷിച്ച നാല് പേരെയും ഹെലികോപ്ടര്‍ മാര്‍ഗം കരക്കെത്തിച്ച് ചികിത്സ നല്‍കി. അതേസമയം, കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ചകളും അവ്യക്തമാണ്.