കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു. ഉടന്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍. മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങളാകുക. സിനഡില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിച്ചത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.

അലക്സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.